സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായ സാൻവിച്ച് ബ്ലോക്ക് ഇന്ന് എൻഐഎ സംഘം പരിശോധന നടത്തും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ എൻ ഐ എ സംഘംഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധന നടത്തും. തീപിടുത്തമുണ്ടായ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗം ഓഫീസിലും എൻഐഎ സംഘം പരിശോധന നടത്തും. പ്രോട്ടോകോൾ വിഭാഗത്തിൽ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് എൻഐഎ സംഘം കത്ത് കൈമാറിയിട്ടുണ്ട്.

ആഗസ്റ്റ് 25ന് വൈകിട്ട് ആണ് സെക്രട്ടറിയേറ്റിലെ സാൻവിച്ച് ബ്ലോക്കിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് പ്രതിപക്ഷവും ബിജെപിയും ശക്തമായ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി തന്ത്രപൂർവ്വം തീപ്പിടുത്തം ഉണ്ടാക്കിയതാണെന്നാണ് ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നത്.