മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിൽ ചടങ്ങിനിടെ കൂവിയ വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവിനോ തോമസിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. സെലിബ്രെറ്റി എന്ന അഹങ്കാരം കാണിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടണമെന്നും പരസ്യമായി അപമാനിതനായ വിദ്യാർത്ഥിയോട് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം ആവിശ്യപ്പെടുന്നു.
വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും പങ്കെടുത്ത വേദിയിലായിരുന്നു ടൊവിനോ തോമസ് വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. കളക്ടറടക്കമുള്ളവര്‍ എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ടോവിനോ തോമസ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഒരു വിദ്യാർത്ഥി കാഴ്ചക്കാരുടെ ഇടയിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച വിദ്യാർത്ഥിയെ നിർബന്ധിച്ച് കൂവിപ്പിക്കുകയായിരുന്നു. സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിക്ക് ഇടെയാണ് ഈ സംഭവം.