മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് വെള്ളം കൊടുക്കണ്ടെന്നു സൈനുദ്ധീന്റെ ഭാര്യ പറഞ്ഞത് കൃത്യമായ ലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാർലമെന്റ് പാസ്സാക്കിയ നിയമത്തെ അനുകൂലിച്ചത്തിന്റെ പേരിൽ കുടിവെള്ളം നിധേധിച്ചത് ഗുരുതരമായ വിഷയം തന്നെയാണെന്നും കുടിവെള്ളം മുട്ടിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ ആശയധാരയിലേക്ക് ആളുകളെ എത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ശൈലിയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള വളാഞ്ചേരിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ താമസക്കാരായ രജിതക്കും ചന്ദ്രികക്കും ചെറുകുന്ന് കോളനിയിലെ സൈനുദ്ദീനും ഭാര്യ ഫാത്തിമയും കുടിവെള്ളം നിഷേധിച്ച സംഭവം വ്യാജ ആരോപണമാക്കി ചിത്രീകരിച്ചവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്. രജിതയും ചന്ദ്രികയും മലപ്പുറം ജില്ലാ കളക്ടർക്ക് നൽകിയ പരാതി പരിശോധിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. വളാഞ്ചേരിയിലെ പൗരത്വ നിയമ ഭേദഗതി പരിപാടിയിൽ പങ്കെടുത്തവർ തങ്ങളുടെ വീട്ടിൽ നിന്ന് വെള്ളമെടുക്കാൻ വരേണ്ട എന്ന് സൈനുദ്ദീന്റെ ഭാര്യ പരാതിക്കാരോട് പറഞ്ഞത് കൃത്യമായ ലക്ഷ്യത്തോടെയാണ്. പരിപാടിയിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ രണ്ട് വീട്ടുകാർക്ക് അവർ വെള്ളം നൽകുകയും ചെയ്തു. കുടിവെള്ളം മുട്ടിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ ആശയധാരയിലേക്ക് ആളുകളെയെത്തിക്കുന്ന കമ്യൂണിസ്റ്റ് ശൈലിയല്ലാതെ മറ്റെന്താണ് സൈനുദ്ദീനും കുടുംബവും ചെയ്തത്?
സത്യമെന്തെന്ന് പുറം ലോകത്തോട് പറഞ്ഞ ബിജെപി നേതാവും ചിക്മംഗളൂര്‍ എംപിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ ഉടനെ തന്നെ പിണറായിയുടെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസ്. രണ്ടു പേർക്ക് കുടിവെള്ളം നിഷേധിച്ചത് പാർലമെൻറ് പാസാക്കി രാഷ്ട്രപതി അംഗീകരിച്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിനാണെങ്കിൽ അത് ഗുരുതരമായ വിഷയം തന്നെയാണ്. യോജിക്കാനും വിയോജിക്കാനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവർ എന്തിനാണ് ഭേദഗതിയോട് യോജിക്കുന്നവരെ പേടിപ്പിച്ച് ഓടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന് കുടപിടിക്കുന്നത്? മാത്രമല്ല, ആ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഒരു ശ്രമവും പ്രാദേശിക ഭരണകൂടം നടത്തുന്നുമില്ല. എന്തായാലും ട്വിറ്ററിലൂടെ കുറ്റിപ്പുറം വിഷയം ചൂണ്ടിക്കാട്ടിയ ആൾക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്ത പൊലീസിനെപ്പറ്റി ആഭ്യന്തര വകുപ്പ് അടക്കിവാഴുന്ന പിണറായി വിജയന് പറയാനുള്ളതെന്തെന്ന് അറിയാൻ ആഗ്രഹമുണ്ട്!!! ഇതാണോ നമ്പർ വൺ കേരള മോഡൽ?
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള വളാഞ്ചേരിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് എട്ടാം…
V Muraleedharan यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०