സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി യുവതിയെ പീഡിപ്പിച്ചു

ന്യുഡൽഹി : കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് യുവതി പരാതി നൽകിയത്. ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയ ശേഷം ലൈംഗീകമായി ഉപയോഗിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇരുപത്തിയാറുകാരിയായ യുവതിയാണ് പരാതി നൽകിയത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിപി മാധവനെതിരെ ഡൽഹി പോലീസ് കേസെടുത്തു. എഴുപത്തിയൊന്നുകാരനായ മാധവൻ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ വിവരം പുറത്ത് പറഞ്ഞാൽ വിവരമറിയുമെന്ന ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.കോൺഗ്രസ്സ് പാർട്ടി ഓഫീസിലെ ജീവനക്കാരനായ യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. ഭർത്താവിന്റെ മരണ ശേഷം ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ജോലി വാഗ്ദാനം ചെയ്ത് പിപി മാധവൻ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

ജൂൺ 25 ന് ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ യുവതി [പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഡൽഹി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പരാതി വ്യാജമാണെന്ന് പിപി മാധവൻ പ്രതികരിച്ചു.