സ്ത്രീയെന്ന വ്യാജേന കുടുംബശ്രീ പ്രവർത്തകരുടെ വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കുടുംബശ്രീ പ്രവർത്തകയും വനിതാ മെമ്പറുമാണെന്ന വ്യാജേന വാട്സപ്പിൽ ഗ്രൂപ്പുണ്ടാക്കി കുടുംബശ്രീ പ്രവർത്തകരെ ആഡ് ചെയ്യുകയും പിന്നീട് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി റിജാസ് ആണ് അറസ്റ്റിലായത്.

നിരവധി പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഫോൺ നമ്പറുകൾ പഞ്ചായത്ത് വെബ്‌സൈറ്റ് വഴിയും ഓൺലൈൻ വഴിയുമാണ് ഇയാൾ സംഘടിപ്പിച്ചത്. വനിതാ മെമ്പർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പ് ആരംഭിച്ചതിന് പിന്നാലെ രാത്രി കാലങ്ങളിൽ ഗ്രൂപിലുള്ളവരെ വീഡിയോ കോൾ ചെയ്ത് ശരീര ഭാഗങ്ങൾ കാണിക്കുകയും തുടർന്ന് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയക്കുകയായിരുന്നു.

കുടുംബശ്രീ അംഗങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷിച്ചെങ്കിലും ഫോൺ നമ്പർ രാജസ്ഥാൻ സ്വദേശിയുടെ പേരിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് റിജാസിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷത്തോളമായി ഇയാൾ രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതായി പോലീസ് പറയുന്നു. നിരവധി പരാതികൾ ലഭിച്ചതായും പോലീസ് പറയുന്നു.