സ്ഥിരമായി സ്ത്രീകളെ കയറിപിടിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: സ്ത്രീകൾക്ക് നേരെ പതിവായി അതിക്രമം നടത്തിയിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചെങ്ങന്നൂർ ചെറിയനാട് തേൻകുളത്തിൽ നിധിൻ ബാബുവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്. കഴിഞ്ഞ ദിവസം തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ഇയാൾ പലപ്പോഴും വഴിയാത്രക്കാരായ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടത്തിയിരുന്നതായും പറയുന്നു. സംഭവം രൂക്ഷമായതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി യുവാവിനെതിരെ പരാതിയും ഉയർന്നുവന്നിരുന്നു. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് വൈകിട്ട് നാട്ടുകാർ പെരിങ്ങരയിൽവെച്ച് യുവാവിനെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. നാട്ടുകാർ പിടികൂടുമെന്ന് മനസ്സിലായതോടെ ബൈക്ക് ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പുളിക്കീഴ് പോലീസ് തിരുവല്ല പോലീസിന് കൈമാറി. സ്ത്രീപീഡനം ഉൾപ്പെടെ 354 എ വൺ വകുപ്പ് ചുമത്തിയാണ് നിഥിനെ റിമാന്റ് ചെയ്തിരിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ നിധിൻ രാവിലെ ജോലിക്ക് പോകുമ്പോഴും തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിമദ്ധ്യേ കാണുന്ന സ്ത്രീകൾക്ക് നേരെ പലപ്പോഴായി അതിക്രമം കാട്ടിയിരുന്നു. പോലീസ് പരിശോധനയ്ക്കൊടുവിൽ ഇയാൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. കൂടാതെ ഇയാൾ സഞ്ചരിക്കുന്ന ബൈക്കിന് പിന്നിലും മുന്നിലും വ്യത്യസ്തമായ രീതിയിലുള്ള നമ്പരുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read  രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ