തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് പല അഴിമതികളുടെയും കേന്ദ്രമാണെന്നും ഓഫീസ് സിബിഐയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള പ്രതികളെ രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ സ്പേസ് പാർക്കിൽ നടത്തിയ കോൺഫറൻസിന്റെ സംഘാടക സ്വപ്ന ആയിരുന്നുവെന്നും അത്തരത്തിൽ ഒരാളെ മുഖ്യമന്ത്രിക്ക് എങ്ങനെ അറിയില്ലെന്ന് പറയാനാകുമെന്നും ചെന്നിത്തല ചോദിച്ചു.
സ്വപ്നയ്ക്ക് സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥ അല്ലെന്നും ഐടി വകുപ്പ് ഉദ്യോഗസ്ഥ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞ കാര്യം ശരിയാണെന്നും മുഖ്യമന്ത്രിയുടെ വകുപ്പായ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിലാണ് സ്വപ്ന ജോലിചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.