മലപ്പുറം : സ്വവർഗ രതിക്കായി വിളിച്ച് വരുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാല് പേരടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശികളായ മുഹമ്മദ് സാദിഖ്, മുഹമ്മദ് റിഷാൽ, ഹുസ്സൈൻ കൂടാതെ പ്രായപൂർത്തിയാകാത്ത നാലുപേർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം നഷ്ടപെട്ട പൊന്നാനി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.
സ്വർഗ്ഗരതിക്ക് വേണ്ടിയുള്ള ആപ്ലികേഷൻ വഴിയാണ് യുവാക്കൾ ആളുകളെ വലയിലാക്കിയിരുന്നത്. സ്വവർഗ രതി ഇഷ്ടപെടുന്ന ആളുകളുമായി ചാറ്റ് ചെയ്യുകയും സൗഹൃദത്തിലാകുകയും ചെയ്യുന്ന യുവാക്കൾ സ്വർഗ്ഗരതിക്കായി ആളുകളെ വിളിച്ച് വരുത്തും. തുടർന്ന് വരുന്ന ആളുടെ നഗ്ന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം ബന്ധുക്കളെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. കൂടുതൽ കുഴപ്പം വരാതിരിക്കാൻ ആളുകൾ പണം നൽകും.
ഇത്തരത്തിൽ നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായാണ് വിവരം. പൊന്നാനി സ്വദേശിയിൽ നിന്നും 85000 രൂപയും മൊബൈൽ ഫോണും ഈ സംഘം തട്ടിയെടുത്തിരുന്നു. ഇയാളുടെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.