കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ സംഭവത്തിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൊറോണ പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇരുവരുടെയും കോവിഡ് പരിശോധനാഫലം വന്ന ശേഷം മാത്രമേ തുടർന്നുള്ള ചോദ്യം ചെയ്യലുകൾ ഉണ്ടാവുകയുള്ളൂ. ഇരുവരുടെയും കോവിഡ് പരിശോധനാഫലം നാളെത്തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ നാളെത്തന്നെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യൽ തുടരും. കോവിഡ് റിസൾട്ട് വരുന്നതുവരെ തൃശ്ശൂരിലെ അമല കോവിഡ് സെൻട്രലിലാണ് ഇരുവരെയും താമസിപ്പിക്കുക.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിൽപോയ ഇരുവരെയും ഇന്നലെ രാത്രിയിലാണ് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്നും എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരെയും പുലർച്ചെ അഞ്ചുമണിക്ക് റോഡുമാർഗം ബാംഗ്ലൂരിൽ നിന്നും ആലുവയിൽ എത്തിക്കുകയും ശേഷം മെഡിക്കൽ പരിശോധനകൾക്ക് നടത്തുകയും പിന്നീട് എൻഐഎ ആസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. എൻഐഎ ഓഫീസിനുമുന്നിൽ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിതമായി പ്രതിഷേധം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് ഇവരെ ലാത്തിവീശി മാറ്റിയ ശേഷമാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ ഓഫീസിലേക്ക് കടത്തിവിട്ടത്.