തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ. കുടുംബാംഗങ്ങൾക്കൊപ്പം ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായരും ഇവർക്കൊപ്പം ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. നാളെ കൊച്ചിയിലെ ആസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. യുഎഇ കോൺസുലേറ്റ് വഴി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ സ്വപ്ന സുരേഷ് പിടിയിലാകുമെന്ന് കണ്ടപ്പോൾ ഒളിവിൽ പോവുകയായിരുന്നു.
യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തപ്പോളുള്ള ബന്ധം വെച്ചാണ് സ്വർണം കടത്തിയതെന്നാണ് സൂചന. എന്നാൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചിരുന്നു.