സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം യുഎഇയിലേക്ക്

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം യുഎഇയിലേക്ക്. നയതന്ത്ര ബാഗുകൾ കൈകാര്യം ചെയ്യുന്ന രീതിയും ഹവാല ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യവും അന്വേഷിക്കും. എൻ ഐ എസംഘത്തിന് യുഎഇയിലേക്ക് പോകുന്നത് സംബന്ധിച്ചുള്ള കാര്യത്തിനായി ഇന്ത്യ ഉടൻതന്നെ യുഎഇയുടെ അനുമതി തേടുമെന്നാണ് ലഭിക്കുന്ന വിവരം.

യുഎഇയിൽ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അവരുമായി അടുത്ത ബന്ധമുള്ള ഇന്ത്യക്കാരെ കുറിച്ചും വിശദമായ രീതിയിലുള്ള അന്വേഷണവും നടത്തും. ഇത് സംബന്ധിച്ച് യുഎഇ സർക്കാരിന്റെ അനുമതിയും തുടർന്നുള്ള നിലപാടുകളും ഇക്കാര്യത്തിൽ നിർണായകമാകും. സ്വർണക്കടത്തു കേസിൽ തീവ്രവാദ ബന്ധമുണ്ടെന്നുള്ളതിന്റെ വിശദാംശങ്ങൾ അടങ്ങിയ ഡയറി എൻഐഎ സംഘം കോടതിയിൽ സമർപ്പിക്കും.

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിന്റെ കേസ് ഡയറി കോടതിയിൽ ഹാജരാക്കുന്നതിനാണ് ഉത്തരവിട്ടത്. കൂടാതെ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ കെ.ടി റമീസിന്റെ കസ്റ്റഡി നീട്ടാനും അപേക്ഷ നൽകും. റമീസിനെ ചോദ്യം ചെയ്തതിലൂടെയും ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തിച്ചു തെളിവെടുപ്പ് നടത്തിയതിലൂടെയും കൂടുതൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.