സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ലഭ്യമല്ലെന്ന് പോലീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമേ സൂക്ഷിക്കാറുള്ളുവെന്നാണ് പോലീസ് ഇക്കാര്യത്തിൽ പറയുന്നത്. കൂടാതെ സ്വർണ്ണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇത്തരത്തിൽ സംഘടിത മായിട്ടുള്ള കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രധാനിയായ സ്വപ്ന സുരേഷിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാർഗോ കോംപ്ലക്സ്, സ്വപ്നയുടെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കസ്റ്റംസ് കത്തയച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ സംഭവത്തിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.