സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് ജനറൽ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ജയഘോഷ് കഴിഞ്ഞ ദിവസം കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്വർണക്കടത്ത് കേസുമായി ഇയാൾക്കും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുസംബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഡ്രൈവറെയും കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ടായ അന്വേഷണത്തിൽ കോൺസുലേറ്റിലെ ഗൺമാനായ ജയഘോഷിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ സ്വർണക്കടത്ത് സംബന്ധിച്ചുള്ള കേസുകൾ ഉടലെടുത്തതിനെ തുടർന്ന് ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ ആ-ത്മഹത്യാശ്രമവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇയാളിലേക്കും അന്വേഷണത്തിന് വഴിവെച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരും എൻ ഐ എയും ഹോസ്പിറ്റലിൽ എത്തി ജയഘോഷിനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര പാഴ്സൽ മറയാക്കി സ്വർണ്ണക്കടത്ത് നടത്തിയ ദിവസം ജയഘോഷിനെ സ്വപ്ന സുരേഷ് പലതവണയായി വിളിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള തെളിവുകൾ സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ട്.