സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം അന്വേഷണത്തിനായി യുഎഇയിലേക്ക്

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങളുടെ അന്വേഷണത്തിനായി എൻഐഎ സംഘം യുഎഇയിലേക്ക്. ഇതിനായുള്ള അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നൽകിയത്. സ്വർണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനാണ് എൻഐഎ സംഘം യുഎഇയിലേക്ക് പുറപ്പെടുന്നത്. എസ്പിയടക്കമുള്ള രണ്ടംഗ സംഘമാണ് ഇതിനായി പുറപ്പെടുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് എൻഐഎ കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുകയും ചെയ്തിരുന്നു.

സ്വർണ്ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസലിന്റെ പാസ്പോർട്ട് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കുകയും ചെയ്തിരുന്നു. ഫൈസലിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷം പോലീസിന്റെ കസ്റ്റഡിയിൽ കഴിയുകയാണെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ചുള്ള സ്ഥിതീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്ന് യുഎഇ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സ്വർണ്ണക്കടത്ത് ഫെഡറൽ കുറ്റമായാണ് യുഎഇ കാണുന്നത്. അതുകൊണ്ടുതന്നെ ഫൈസൽ ഫരീദിനെ അബുദാബി പോലീസിന് കൈമാറിയിട്ടുണ്ടോയെന്നുള്ള കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്.