കൊച്ചി: സെക്രട്ടറിയേറ്റിനു സമീപത്തായി ശിവശങ്കറിന്റെ പേരിൽ ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് ഐടി വകുപ്പ് ഉദ്യോഗസ്ഥനായ അരുൺ ബാലചന്ദ്രൻ. ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നാണ് അരുൺ മാധ്യമങ്ങളോട് വെളിപ്പെടുത്തിത്. തന്റെ സുഹൃത്തിനു വേണ്ടിയാണ് ഫ്ലാറ്റെന്ന് പറഞ്ഞാണ് ശിവശങ്കർ അരുണിനെ കൊണ്ട് ഫ്ലാറ്റ് ബുക്ക് ചെയ്തത്. ആദ്യം ഫ്ലാറ്റ് ബുക്ക് ചെയ്തത് സംബന്ധിച്ചുള്ള കാര്യം അരുൺ നിഷേധിച്ചിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
ടെക്നോപാർക്കിലെ ഡയറക്ടർ മാർക്കറ്റിംഗായി ജോലി ചെയ്യുകയാണ് അരുൺ. സ്വർണക്കടത്തിന്റെ ഭാഗമായി ഒത്തുകൂടലും ഗൂഢാലോചനയും ഈ ഫ്ളാറ്റിൽ വെച്ചാണ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്നോട് ന്നോട് ഹൈദർ ടവറിലെ ഫ്ലാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ഇതുപ്രകാരം ഹൈദറിലേക്ക് വിളിക്കുകയും നിരക്ക് അന്വേഷിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്തതായി അരുൺ പറയുന്നു.
പരിചയത്തിലുള്ള ആൾക്ക് വേണ്ടിയാണ് ഫ്ലാറ്റെന്നും നല്ല രീതിയിലുള്ള ഡിസ്കൗണ്ട് കൊടുക്കണമെന്നും പറഞ്ഞു. തന്റെ സുഹൃത്തിന്റെ കുടുംബത്തിന് പുതിയൊരു ഫ്ലാറ്റിലേക്ക് മാറ്റുന്നതിന് മുമ്പായി മൂന്നു ദിവസത്തേക്ക് താമസിക്കുന്നതിനു വേണ്ടിയാണ് ഫ്ലാറ്റെന്നാണ് ശിവശങ്കർ തന്നോട് പറഞ്ഞതെന്ന് അരുൺ ബാലചന്ദ്രൻ പറയുന്നു. വാടകയായി 3500 മുതൽ 4500 രൂപയോ മറ്റോ ആണ് പറഞ്ഞതെന്നും അരുൺ പറയുന്നു.