തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്ന നിക്ഷേപത്തിലെ തുക ആർക്കൊക്കെ കൈമാറി എന്നുള്ളത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം ആരംഭിച്ചു. കെട്ടുകളായി ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം സ്വപ്ന സുരേഷിന്റെ നിർദ്ദേശമനുസരിച്ച് പലപ്പോഴായി പലർക്കും എടുത്തു നൽകിയതായും ചാർട്ടേഡ് അക്കൗണ്ട് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനു വേണ്ടി ചാർട്ടേഡ് അക്കൗണ്ട്നെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ നിർദ്ദേശമനുസരിച്ചാണ് സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടും സംയുക്തമായി ലോക്കർ എടുത്തത്. ചാർട്ടേഡ് അക്കൗണ്ടിനെ വിശദമായി ചോദ്യം ചെയ്താൽ പണം ആർക്കൊക്കെ കൈമാറി എന്നുള്ളതിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
ഇതിലൂടെ ലോക്കറിലുണ്ടായിരുന്ന പണം ആരുടേതാണെന്ന് കണ്ടെത്താൻ സഹായകമാകുമെന്ന് എൻഫോഴ്സ്മെന്റ് കണക്കുകൂട്ടുന്നു. തനിക്ക് ഒരിടത്തും നിക്ഷേപമില്ലെന്നും ജോലിചെയ്ത് സ്വരൂപിച്ച ശമ്പളമാണെന്നും മകളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനുവേണ്ടി ചിലവിടുകയായിരുന്നുവെനാണ് നേരത്തെ സ്വപ്ന എൻ ഐ എയ്ക്ക് മൊഴി നൽകിയത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇഡി അന്വേഷിച്ചുവരികയാണ്. സ്വർണക്കടത്ത് കേസ് പുറത്തായതിനെ തുടർന്ന് ബാംഗ്ലൂരിലെ ഒളിത്താവളത്തിലേക്ക് സ്വപ്ന പോകുന്നതിനുമുമ്പ് ചാനലുകൾക്ക് നൽകിയ ശബ്ദരേഖയിലും ഇക്കാര്യം പ്രതിപാദിച്ചിരുന്നു.