സ്വർണക്കടത്ത് നടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി

കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി. സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെയടക്കം തെളിവുകൾ നശിപ്പിക്കുമെന്നുള്ള എൻഐഎയുടെ വാദം കാണിച്ചുകൊണ്ടാണ് കോടതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണ് ഇവർ ചെയ്തതെന്നും എൻഐഎ കോടതിക്കു മുൻപാകെ വാദിച്ചു. കള്ളക്കടത്ത് വിഷയത്തിൽ സ്വപ്ന സുരേഷ് പങ്കാളിയാണെന്നുള്ളതിന് വ്യക്തമായ രീതിയിലുള്ള തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള സംഭവത്തിൽ അന്വേഷണസംഘം കോടതിക്കു മുൻപാകെ സമർപ്പിച്ച കേസ് ഡയറിയും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്ക് വ്യാപിപ്പിക്കാനിരിക്കുന്നതിനിടയിലാണ് അന്വേഷണസംഘത്തിന് അനുകൂലമായ ഒരു നിലപാട് ഉണ്ടായിരിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്ത് സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നും യുഎപിഎ ചുമത്തിയത് ശരിയായ നടപടിയല്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന തരത്തിലുള്ള കുറ്റകൃത്യം ഭീകരവാദ പ്രവർത്തനങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും എൻഐഎ ചൂണ്ടിക്കാട്ടി.