സ്വർണ്ണക്കടത്ത് വിഷയത്തിൽ പാർട്ടി സെക്രട്ടറിയും മകനെയും കെ ടി ജലീലിനെയും ചോദ്യം ചെയ്തതോടെ സിപിഎം നിലപാട് മാറ്റിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ നിന്നും ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭ ഒന്നാകെ രാജിവെച്ച് ഒഴിയണമെന്നും ഇതുസംബന്ധിച്ചുള്ള കാര്യത്തിൽ വരുന്ന 22ന് സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ കളക്ടറേറ്റിന് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത് അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെയും കെ.റ്റി ജലീലിനെയും ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഎമ്മിന്റെ നിലപാടിൽ മാറ്റം വന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിയ്ക്ക് എന്ത് പറയാനുണ്ടന്നാണ് അറിയേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എന്നാൽ ഇതിനായി മുഖ്യമന്ത്രിയെ കാണാനില്ലെന്നും രമേശ് ചെന്നിത്തല പരിഹസിക്കുക യുണ്ടായി. ഇതു പോലൊരു നാറിയഭരണം കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഫോഴ്‌സ്‌മെന്റ് അധികൃതർ കെ ടി ജലീലിനെ ചോദ്യം ചെയ്തിട്ടും കാനം രാജേന്ദ്രനടക്കമുള്ള ഘടകകക്ഷികൾ മൗനത്തിലാണെന്നും കാനം കാശിക്കുപോയോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.