തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള സാധ്യത ഉടലെടുക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും സ്വർണക്കടത്ത് കേസ് സംബന്ധിച്ച് നേരത്തെ ഒഴിവാക്കിയിരുന്നു. കൂടാതെ ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനുള്ള സാധ്യതകളും കാണുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ ശിവശങ്കറിന്റെ ഫ്ലാറ്റിൽ എത്തുകയും സന്ദർശക രജിസ്റ്റർ പരിശോധിക്കുകയും ചെയ്തിരുന്നു.
ശിവശങ്കറും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായ സ്വപ്ന സുരേഷും തമ്മിൽ അടുപ്പം ഉണ്ടെന്നുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഈ ഫ്ലാറ്റിലെത്തി ചർച്ച നടത്തിയെന്നുള്ള സംശയങ്ങൾ ഉടലെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും തനിക്കൊന്നും പറയാനില്ലെന്നുമാണ് ശിവശങ്കരന്റെ വാദം.