കൊല്ലം : സഹായാഭ്യർത്ഥനയുമായി വിളിച്ച സ്കൂൾ വിദ്യാർത്ഥിനിയോട് കയർത്ത് സംസാരിച്ച മുകേഷ് എംഎൽഎ യ്ക്കതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ്. പത്താം ക്ളാസ് വിദ്യാർത്ഥി ഒന്നിലധീകം തവണ വിളിച്ച് ബുദ്ധിമുട്ടിച്ചു എന്ന് ആരോപിച്ചാണ് കൊല്ലം എംഎൽഎ ആയ മുകേഷ് വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ചത്. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതിനും അപമാനിച്ചതിനും മുകേഷിനെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപെട്ടാണ് എംഎസ്എഫ് പരാതി നൽകിയത്.
സഹായഭ്യർത്ഥന ആവിശ്യപ്പെട്ട് വിളിച്ച പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിനിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്. സ്വന്തം നാട്ടിലെ എംഎൽഎ യെ അറിയില്ലേ എന്ന് ചോദിച്ചു പരിഹസിക്കുകയും ആദ്യം സ്വന്തം എംഎൽഎ ആരാണെന്ന് കണ്ടു പിടിക്ക് എന്നും മുകേഷ് വിളിച്ച വിദ്യാർത്ഥിനിയോട് പറയുന്നുണ്ട്. തന്റെ നമ്പർ തന്നവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് വിദ്യാർത്ഥിനിയോട് പറഞ്ഞു. മുകേഷുമായി സംസാരിച്ച ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.
അതേസമയം മുകേഷിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. നടന്നത് ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമായ സംഭവമാണെന്നും തന്നിൽ നിന്നും മോശമായ വാക്കുകൾ കിട്ടാൻ വേണ്ടി നടത്തിയ നീക്കമാണിതെന്നും മുകേഷ് ഫേസ്ബുക്ക് വീഡിയോയിൽ പ്രതികരിച്ചു.