സൗദി അറേബ്യയിൽ മലയാളി നഴ്‌സ് ആത്‍മഹത്യ ചെയ്തു

റിയാദ്:സൗദി അറേബ്യയിൽ മലയാളി നഴ്‌സ് ആത്‍മഹത്യ ചെയ്തു. ഇടുക്കി കുമളി സ്വദേശി സൗമ്യ നോബിൾ (33)ആണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. റിയാദിലെ അൽജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷകാലമായി സ്റ്റാഫ് നെഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുവതിയെ കാണാനില്ല എന്ന ആശുപത്രി സഹപ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ സൗദി പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് യുവതിയുടെ താമസസ്ഥലത്തെ മുറിക്കുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

യുവതിയുടെ ഭർത്താവ് നോബിളും ഏകമകൻ ക്രിസ്റ്റിനോബിൾ ജോസും നാട്ടിലാണ്. യുവതിയുടെ മൃതദേഹം റിയാദ്‌ ശുമൈസി ആശുപത്രി മോർച്ചറിയിൽ വച്ചു. റിയാദ്‌ കെ.എം . സി.സി മലപ്പുറം ജില്ലാ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃതദേഹം നാളെ നാട്ടിലെത്തിക്കും.