സൗഹൃദം സ്ഥാപിച്ച് പതിനേഴുകാരിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

പത്തനാപുരം: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കുവരയ്ക്കൽ ചാരംകുഴി വിഷ്ണു ഭവനിൽ രതീഷ്മോൻ (30), സുജിത്ത് ഭവനിൽ സജി കുമാരൻ (42), മൈലം പള്ളിക്കൽ മാങ്കുന്നം വീട്ടിൽ രതീഷ് (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ഒരു വർഷക്കാലത്തോളം പെൺകുട്ടിയെ മൂവരും ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ദിവസങ്ങൾക്ക് മുമ്പ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് ഹോസ്പിറ്റൽ അധികൃതർ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. പുനലൂർ ഡിവൈഎസ്പി എസ് അനിൽദാസ്, കന്നിക്കോട് സ്റ്റേഷൻ ഓഫീസർ മുബാറക് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.