Wednesday, April 24, 2024
-Advertisements-
KERALA NEWSകനാലിൽ കയാക്കിങ്ങിന് എത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

കനാലിൽ കയാക്കിങ്ങിന് എത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കൊല്ലം : മണിയാംകുളം കനാലിൽ കയാക്കിങ്ങിന് എത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ സ്വദേശികളായ വിഷ്ണു (27), പ്രശാന്ത് (31), പൂതക്കുളം മുക്കട സ്വദേശി ശ്രീരാജ് (28) എന്നിവരെയാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ വാട്ടർസ്‌പോട്ട്സ് സ്ഥാപനത്തിൽ നിന്നും മണിയാംകുളം കനാലിൽ കയാക്കിങ്ങിന് എത്തിയ വിദേശികൾ അടങ്ങുന്ന സംഘമാണ് റിപ്പബ്ലിക് ദിനത്തിൽ ആക്രമിക്കപ്പെട്ടത്. കനാലിൽ കയാക്കിങ് നടത്തുന്നതിനിടയിൽ റിസോർട്ടിന് സമീപത്ത് നിന്നവരും കായലിൽ കുളിക്കുകയായിരുന്ന യുവാക്കളും ചേർന്ന് അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ആക്രമിക്കുകയുമായിരുന്നു. എന്നാൽ അവിടെ നിന്നും രക്ഷപെട്ട വിദേശികളടങ്ങുന്ന സംഘത്തെ ബൈക്കിൽ പിന്തുടർന്ന് എത്തിയ യുവാക്കൾ വീണ്ടും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് എത്തുന്നതിന് മുൻപ് രക്ഷപെട്ട പ്രതികൾക്കെതിരെ നരഹത്യ ശ്രമം ചുമത്തിയാണ് പോലീസ് കേസെടുത്തത്. തുടർന്ന് പരവൂർ എസ്‌ഐ യുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

-Advertisements-