Friday, March 29, 2024
-Advertisements-
KERALA NEWSകോളേജിന് പുറകിൽ ഒരു കള്ള് ഷാപ്പുണ്ടായിരുന്നു ഇടയ്ക്ക് അവിടെ ഒന്നു സന്ദർശിക്കുക പതിവായിരുന്നു, ഇന്നത്തെ പ്പോലെ...

കോളേജിന് പുറകിൽ ഒരു കള്ള് ഷാപ്പുണ്ടായിരുന്നു ഇടയ്ക്ക് അവിടെ ഒന്നു സന്ദർശിക്കുക പതിവായിരുന്നു, ഇന്നത്തെ പ്പോലെ കലക്കൊന്നുമല്ല നല്ല കള്ള് തന്നെ: അലി അക്ബറിന്റെ അനുഭവ കുറിപ്പ്

chanakya news
-Advertisements-

സിനിമാ സംവിധായകൻ അലി അക്ബറിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഓരോ അനുഭവങ്ങളും അദ്ദേഹം ഈ കോവിഡ് കാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുകയാണ്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ അനുഭവ കുറിപ്പ് വായിക്കുന്നതും ഷെയർ ചെയ്യുന്നതും. അത്തരത്തിൽ ഉള്ള അദ്ദേഹത്തിന്റെ സീൻ 18 അനുഭവ കുറിപ്പ് വായിക്കാം…

സീൻ 18, 32 കുട്ടികൾ ഉണ്ടായിരുന്ന 4th ഗ്രൂപ്പിലെ 30പേരും തോറ്റു ഞാനും ജോസെഫും മാത്രം ജയിച്ചു, ജോസഫിന് ഫസ്റ്റ് ക്ലാസ്സ്‌ എനിക്ക് സെക്കന്റ്‌ ക്ലാസ്സ്‌.. ആ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. ക്‌ളാസ്സ്‌ കട്ട് ചെയ്യാതെ കുത്തിയിരുന്നു പഠിച്ചവരൊക്ക തോറ്റു… രണ്ടുഴപ്പന്മാർ ജയിച്ചു…. ഇംഗ്ലീഷിനാണ് കൂടുതൽ പേരും തോറ്റത്… അത്യാവശ്യം മരുന്ന് സേവയൊക്കെ ഉള്ളത്കൊണ്ട് ഞങ്ങൾക്ക് ഇംഗ്ലീഷ് അത്ര വല്യ പ്രശ്നം അല്ലായിരുന്നു… മരുന്ന് സേവ വല്ലപ്പോഴും ആയിരുന്നു കേട്ടോ… അന്ന് 24രൂപയുണ്ടെങ്കിൽ ഒരുകുപ്പി വിദേശ മരുന്ന് കിട്ടും, നാട്ടു മരുന്നിനു 100മില്ലിക്ക് 2രൂപ… പക്ഷെ ആ 24രൂപ പോലും അന്നുണ്ടാക്കാൻ വലിയ പ്രയാസമാണ്… വല്ലപ്പോഴും മരുന്ന് കുടിച്ചാൽ കവിതയും പാട്ടും അങ്ങട്ട് ഒഴുകും… ചിലപ്പോൾ ഇത് കേൾക്കാൻ വേണ്ടി കൂട്ടുകാരികൾ മരുന്ന് വാങ്ങാൻ സഹായിച്ചിട്ടുമുണ്ട്…. കോളേജിന് പുറകിൽ ഒരു കള്ള് ഷാപ്പുണ്ടായിരുന്നു ഇടയ്ക്ക് അവിടെ ഒന്നു സന്ദർശിക്കുക പതിവായിരുന്നു… ഇന്നത്തെ പ്പോലെ കലക്കൊന്നുമല്ല നല്ല കള്ള് തന്നെ… പക്ഷെ ഒറ്റ കുഴപ്പമാ.. കഴിച്ചിട്ട് ക്ലാസ്സിൽ വന്നാൽ നാറ്റം കൊണ്ട് പിടിക്കപ്പെടും.. ഒരിക്കൽ അദ്യാപകൻ ചോദിച്ചു ഇന്നിത്തിരി മുറ്റിയ ഇനമാണല്ലോ… അതോടെ ആ പരിപാടി നിറുത്തി… അന്ന് പ്രീഡിഗ്രി രണ്ടു ഷിഫ്റ്റ്‌ ആണ്.. ഞാൻ കാലത്തെ ഷിഫ്റ്റിലാണ്, പക്ഷെ തിരികെ പോവുന്നത് രണ്ടാമത്തെ ഷിഫ്റ്റും കഴിഞ്ഞാണ്… അപ്പോൾ ഉച്ചകഴിഞ്ഞു കലാപരിപാടിക്ക് സമയം കിട്ടും…

ഒരു ദിവസം മരുന്ന് കുടിക്കണം എന്ന് കൂട്ടുകാർക്ക് ഭയങ്കര കൊതി.. ആരുടെ കയ്യിലും പണമില്ല… എന്ത് ചെയ്യും… ഞാൻ പറഞ്ഞു പണം ഞാനൊപ്പിക്കാം നിങ്ങൾ കാവൽ നിന്നാൽ മതി.. നേരെ ഫസ്റ്റ് pdc ബ്ലോക്കിലേക്ക് പോയി അദ്യാപകർ ഇല്ലാത്ത ഗ്യാപ്പിൽ ഞാൻ ക്ലാസ്സിൽ കയറി സങ്കടത്തോടെ പ്രസംഗിച്ചു പ്രിയപ്പെട്ട കുട്ടികളെ നമ്മുടെ ബസ് സ്റ്റാൻഡിൽ ഒരാൾ അത്യാസന്ന നിലയിൽ ഉണ്ട് അയാളെ ആശുപത്രിയിൽ എത്തിക്കാൻ നിങ്ങളാൽ കഴിവുള്ളത് തരിക,,.. എത്രയായാലും കുഴപ്പമില്ല ചില്ലറയോ… നോട്ടോ… ഏതായാലും തരിക… നാലു ക്‌ളാസ്സ്‌ കയറിയിറങ്ങിയപ്പോൾ സംഗതി കുശാൽ മരുന്നിനും തൊട്ടുകൂട്ടാൻ ഗുളികയ്ക്കും പണമുണ്ട്.. ഞങ്ങൾ ടൗണിലേക്ക് നീങ്ങി… അതേ ദിവസം ഒരു പിരിവിനായി KSU ക്കാർ പ്രിൻസിപ്പലിന്റെ സമ്മതം മേടിക്കാൻ പ്രിൻസിപ്പാളിന്റെ മുൻപിലെത്തി… അപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു പോലും “നിങ്ങൾ പോയിട്ട് ഒരു കാര്യവുമില്ല കുട്ടികളുടെ കൈവശമുള്ളത് മുഴുവൻ അലിഅക്ബറും സംഘവും തട്ടിച്ചു കൊണ്ടുപോയി “അവർ ഈ വിവരം പറഞ്ഞപ്പോഴായിരുന്നു ഞാൻ അറിഞ്ഞത് എന്റെ നീക്കങ്ങളെല്ലാം പ്രിൻസിപ്പാൾ അറിയുന്നുണ്ടെന്ന്….

ഒന്നും ജീവിതത്തെ സ്വാധീനിക്കരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു.ഒന്നിനും അടിമയായിട്ടുമില്ല,മനോഹരമായ മലർവാടിയിൽ അൽപ്പം പൂമ്പൊടിയും സുഗന്ധവും നുകർന്നില്ലെങ്കിൽ പിന്നെ വണ്ടിന്റെ ജന്മമെന്തിന്… എന്നുകരുതി അതിൽ മയങ്ങി വീണാലോ ജന്മം പാഴാവുകയും ചെയ്യും…
പ്രീ ഡിഗ്രി ജയം ജീവിതത്തിന്റെ വലിയൊരു കടമ്പയായിരുന്നു… അതിന് മറ്റൊരു കാരണം കൂടിയുണ്ട്. നേരത്തെ ഞാൻ സൂചിപ്പിച്ചു നക്സലൈറ്റ് ബന്ധം… അന്ന് നക്സലൈറ്റുകളുടെ സാംസ്കാരിക സംഘടനയാണ് വയനാട് സാംസ്കാരിക വേദി, അവരുടെ കൂടെ ഞാൻ ഒരുപാട് നക്സലേറ്റ് നാടകങ്ങൾ കളിച്ചിട്ടുണ്ട്… നാടകാഭിനയം മാത്രമായിരുന്നു എന്റെ ഭ്രാന്ത്. ധാരാളം തെരുവ് നാടകങ്ങൾ അന്ന് കളിച്ചിട്ടുണ്ട്… ഒരുപക്ഷേ അതൊക്കെയാവണം ആദ്യ തെരുവുനാടകങ്ങൾ… തെലുങ്കാന, ബേബിയുടെ നാട് ഗദ്ധിക, ഇവയൊക്കെയായിരുന്നു പ്രധാനം, മധു മാസ്റ്ററുടെ പടയണിയിൽ ഞാനൊരു പ്രധാന കഥാപാത്രമായിരുന്നു എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ… കടമ്മനിട്ടയും, ബാലചന്ദ്രൻ ചുള്ളിക്കാടും ജോൺ അബ്രഹാമുമൊക്കെ എപ്പോഴും ചുറ്റിലും കാണും… ഇങ്ങിനെ നാടകം കളിച്ചു യാത്ര ചെയ്യുമ്പോഴൊക്കെ കവിത പാടുന്ന ശീലം ഉണ്ടായിരുന്നു… കൂടുതലും വിപ്ലവ കവിതകൾ… ഒരിക്കൽ സഖാവ് വർഗ്ഗീസിന്റെ ഓർമ്മദിനത്തിന് തിരുനെല്ലിയിൽ നാടകം കളിക്കാൻ പോയി…

മാനന്തവാടി എത്തിയപ്പോൾ റോട്ടിൽ ആനയിറങ്ങിയ കാരണം ബസ് സർവീസ് നിറുത്തി വച്ചിരുന്നു.. അക്കാരണം കൊണ്ട് കാട്ടിലൂടെ നടന്നാണ് പോയത്, കുറേ പേരുണ്ട്, മൈക് സെറ്റും മറ്റു സാമഗ്രികളുമെല്ലാം ഉണ്ട് മണിക്കൂറുകൾ നടന്നു ഒറ്റപ്പെട്ട ഒരു ചായകടയിലെത്തി, നല്ല വിശപ്പുണ്ട്… കടക്കാരൻ പറഞ്ഞു.. എല്ലാവർക്കും കഴിക്കാറുള്ളത് റെഡിയിൽ ഇല്ല പെട്ടെന്ന് പുട്ടുണ്ടാക്കി തരാം… അദ്ദേഹം പുട്ടുണ്ടാക്കുന്നതിനിടയിൽ ഞങ്ങളുടെ യാത്രോദ്ദേശ്യം മനസ്സിലാക്കിയിരുന്നു.. പുട്ടും പഴവുമെല്ലാം കഴിച്ചു എത്രയായി എന്ന് ചോദിച്ചപ്പോ ഒന്നും വേണ്ടാന്ന് കടക്കാരൻ ചേട്ടൻ… നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ന്റെ വർഗീസിന്റെ ഓർമ്മയ്ക്ക് പരിപാടി നടത്താൻ പോവുന്നവരോട് കാശ് വാങ്ങുകയോ… ഇവിടിരുന്ന് അവൻ ഒരുപാട് ചായ കുടിച്ചിട്ടുണ്ട്…. പിന്നെ ആരും ഒന്നും പറഞ്ഞില്ല… സഖാവ് വര്ഗീസ് എല്ലാവർക്കും അത്ര പ്രിയപ്പെട്ടവനായിരുന്നത്രെ… അന്ന് കൊടും തണുപ്പത്ത് നാടകം കളിച്ചു… അവിടത്തെ അടിയാത്തികൾ വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചു… തണുപ്പ് കൊണ്ട് ആ രാത്രി കച്ചി പുതച്ചാണുറങ്ങിയത്… പിറ്റേന്ന് ബസ് സർവ്വീസ് ആരംഭിച്ചിരുന്നു.. ഞങ്ങൾ ബസ്സിൽ തിരിച്ചപ്പോൾ മുതൽ പാട്ട് തുടങ്ങി.. ഞാൻ ഏതോ പരിജയമില്ലാത്ത ആളിന്റെ മടിയിലാണ്..

പുറകിലെ എന്റെ സുഹൃത്ത് ഇടയ്ക്കിടെ എന്നേ തോണ്ടുന്നുണ്ട് ഞാൻ കരുതി വീണ്ടും പാടാനാണ് എന്ന് വീണ്ടും പാടി..ഇടയ്ക്ക് എന്നേ മടിയിലിരുത്തിയ ആൾ എന്റെ പേര് ചോദിച്ചു ഞാൻ അലി എന്ന് പറഞ്ഞു, വീട് മീനങ്ങാടി എന്നും പറഞ്ഞു… മാനന്തവാടിബസ്സിറങ്ങിയപ്പോൾ സുഹൃത്ത് ഇബ്രാഹിം മാറ്റി നിറുത്തി കുറേ തെറിപറഞ്ഞു… എന്നേ മടിയിലിരുത്തിയ ആൾ രഹസ്യ പോലീസ് ആയിരുന്നത്രേ… നക്സലൈറ്റുകളുടെ നീക്കം പഠിക്കാൻ നടക്കുന്ന ചാരൻ…. ഉള്ളിൽ നിന്നും ഒരഗ്നി പൊന്തി…. കുറച്ചു ദിവസത്തേക്ക് ആ ചാരന്റെ മുഖമായിരുന്നു മനസ്സിൽ… അങ്ങിനെ ഭയപ്പെട്ടിരിക്കുമ്പോഴാണ് മഠത്തിൽ മാത്തനെ നക്‌സലൈറ്റുകൾ കൊല്ലുന്നത്…. പോലീസ് വേട്ടയാടാൻ തുടങ്ങി… പടയണിനാടകത്തിന് കർട്ടൻ വലിച്ചവരെ വരെ പൊക്കി, അന്ന് ലൈറ്റ് സൗണ്ട് സഹായിക്കാൻ വന്ന മംഗളാനന്ദൻ മാഷ് അറസ്റ്റിലായി , സ്കൂളിലെ ക്ലർക്ക് ദാമോദരൻ സാറിനെ, ഞാൻ കോളേജിൽ പോകാൻ ബസ്സു കാത്തുനിൽക്കുംപോൾ എന്റെ മുന്നിലിട്ടാണ് പിടിക്കുന്നത്….
എനിക്കും അബ്ദുള്ളയ്ക്കും ഭയം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടു ആ സമയം പരീക്ഷയ്ക്ക് പഠിക്കയായിരുന്നു…

ഞങ്ങൾ രാത്രീയിൽ വീട്ടിൽ ഉറങ്ങാതെയായി, ടൗണിൽ അഞ്ജലി ലൈബ്രറിയുടെ ചുമതല അബ്ദുള്ളക്കായിരുന്നു രാത്രിയിൽ അവിടെയാക്കി പഠിത്തം… ഓരോ ജീപ്പിന്റെ ശബ്ദവും നെഞ്ചിടിപ്പ് കൂട്ടും… അത്രകണ്ട് ഭീകര തേർവാഴ്ചയായിരുന്നു ബത്തേരി പോലീസ് സ്റ്റേഷനിൽ… ഏറ്റവും കൂടുതൽ മർദ്ദനമേറ്റു വാങ്ങിയത് നിരപരാധികളായിരുന്നു… അന്ന് അറസ്റ്റിൽ നിന്ന് എങ്ങിനെ രക്ഷപെട്ടു എന്ന് പിന്നീട് അന്വേഷിച്ചപ്പോൾ.. എന്റെ പേരായിരുന്നു കാരണം. എന്നെ വിളിക്കുന്നത് അലി…. മറ്റൊരു മുഹമ്മദലി ഉണ്ട് മുൻപേ നക്സലൈറ്റ് ആണ് എന്റെ അനുജത്തിയുടെ ഭർത്താവ്… പുള്ളിക്കാരനെയും അലി എന്നായിരുന്നത്രെ നോട്ട് ചെയ്തത്… ആദ്യമേ പുള്ളിക്കാരനെ അറസ്റ്റ് ചെയ്തിരുന്നു അപ്പോ അലിയെന്ന പേര് ലിസ്റ്റിൽ നിന്നും വെട്ടിപ്പോയത് കൊണ്ട് ഞാൻ രക്ഷപെട്ടതത്രേ… അതോടെ വിപ്ലവ നാടകങ്ങൾ നിറുത്തി… മഠത്തിൽ മാത്തന്റെ കൊലപാതകം ഒരുപാട് നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതം തുലച്ചു… ഇതാണ് എന്റെ ആദ്യ സിനിമയായ മാമലകൾക്കപ്പുറത്തിന്റെ ഇതിവൃത്തം.. അക്കഥ പിന്നെ പറയാം.

-Advertisements-