Friday, March 29, 2024
-Advertisements-
KERALA NEWSഗോപിക തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ വീട്ടിനടുത്ത് വാടകയ്ക്ക് താമസിച്ച യുവാവിന്റെ നിരന്തര ശല്ല്യം

ഗോപിക തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ വീട്ടിനടുത്ത് വാടകയ്ക്ക് താമസിച്ച യുവാവിന്റെ നിരന്തര ശല്ല്യം

chanakya news
-Advertisements-

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായ യുവാവിന്റെ നിരന്തരമായ പ്രണയാഭ്യര്ഥനയും ഭീഷണിയും മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ഗോപികയെന്ന പെൺകുട്ടിയ്ക്ക് ഏൽക്കേണ്ടി വന്ന ക്രൂരമായ മാനസിക പീഡനമാണ്. എറണാകുളം ജില്ലയിലെ കങ്ങരപ്പടിയിൽ താമസിക്കുന്ന ഗോപികയുടെ വീടിന്റെ അയല്പക്കത്തു വാടകയ്ക്ക് താമസിച്ചിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബിയെന്ന യുവാവാണ് പെൺകുട്ടിയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നത്. തുടർന്ന് ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഗോപിക വീട്ടിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗോപികയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിച്ചപ്പോളാണ് ഗോപിക തന്റെ മാതാവിനോട് നടന്ന സംഭവങ്ങളെ കുറിച്ച് പറയുന്നത്. പലപ്പോളായി സിബി മതിലിൽ ഇടിച്ചുകൊണ്ടും നെഞ്ചിൽ അടിച്ചുകൊണ്ടും തന്നെ ഇഷ്ടമാണെന്നു പറഞ്ഞുകൊണ്ട് പിന്നാലെ വരുമായിരുന്നു.

മാർച്ച് 19 ന് രാവിലെ പരീക്ഷയ്ക്ക് പോകുമ്പോൾ ഇയാൾ പിന്നാലെ എത്തുകയും പ്രണയാഭ്യർത്ഥന നടത്തുകയും, എന്നാൽ അത് നിരസിച്ചപ്പോൾ തന്റെ പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്നും അപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞുകൊണ്ട് സിബി പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തിയിരുന്നു. ശേഷം പോക്കറ്റിൽ നിന്നും നോട്ടീസ് എടുത്തു വലിച്ചു കീറിക്കളഞ്ഞിട്ട് നീ ഇപ്പോൾ അങ്ങനെ പഠിച്ചു വലിയ ആളാകണ്ടായെന്നും പറഞ്ഞതായി പെൺകുട്ടി മരണമൊഴിയിൽ പറയുന്നു. ഇത്രയും കാലമായിട്ടും ഇത് പറയാതിരുന്നത് നമ്മൾ ഒറ്റയ്ക്കല്ലേ അമ്മെ ഞാൻ ഇത്‌ അമ്മയോട് പറഞ്ഞാൽ ‘അമ്മ ചോദിയ്ക്കാൻ പോയാൽ പിന്നീട് അത് വലിയ പ്രശ്നമാകുമെന്നു കരുതിയാണ് അമ്മയോട് പറയാതെയിരുന്നതെന്നും, ഞാൻ പോയാൽ പിന്നെ എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കില്ലല്ലോ എന്ന് കരുതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഗോപിക ‘അമ്മ സിനിയോട് പറഞ്ഞു. ഗോപികയുടെ അച്ഛൻ ഇവരെ വിട്ടുപിരിഞ്ഞു വേറെയാണ് താമസം. വീട്ടുജോലിയ്ക്ക് പോയി സിനിയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സിനിയും കുടുംബവും കഴിയുന്നത്. സിനി വീട്ടുവേല കഴിഞ്ഞു വരുമ്പോൾ ഗോപികയുടെ കൂട്ടുകാരിയുടെ മാതാവ് രാവിലെ നടന്ന സംഭവം സിനിയെ ഫോണിൽ വിളിച്ചു അറിയിക്കുകയായിരുന്നു.

തുടർന്ന് വീട്ടിലെത്തിയ മാതാവ് ഗോപികയോട് കാര്യം തിരക്കിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രാവിലെ നടന്ന സംഭവങ്ങൾ തന്റെ മാതാവിനോട് പറഞ്ഞത്. എന്നാൽ വൈകിട്ട് ഗോപിക വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗോപികയെ ശല്യപ്പെടുത്തുന്ന കാര്യം വീട്ടിൽ പറഞ്ഞാൽ കുടുംബത്തെ ഇല്ലാതാക്കുമെന്നും സിബി ഭീഷണിപ്പെടുത്തിയിരുന്നു. ഇതുകാരണമാണ് ഇക്കാര്യം വീട്ടിലോ മറ്റുള്ളവരോടോ ഗോപിക പറയാതിരുന്നത്. കുറച്ചു കാലങ്ങൾക്ക് മുൻപാണ് സിബിയും കുടുംബവും കാഞ്ഞങ്ങാട്ട് നിന്നും കങ്ങരപ്പടിയിൽ ഗോപികയുടെ വീടിനടുത്തായി താമസമയത്. ഗോപികയുടെ പിന്നാലെ സിബി നിരന്തരമായി പ്രണയാഭ്യർഥനയുമായി എത്താറുണ്ടായിരുന്നു. എന്നാൽ ഇത് നിരസിക്കുന്നതിൽ സിബിയ്ക്ക് ഗോപികയോട് കടുത്ത പകയുണ്ടായിരുന്നു. ഇതിനാൽ ഗോപികയെ പലപ്പോഴും ഇയാൾ ഭീഷണിപ്പെടുത്തുമായിരുന്നു.

ഗോപിക മാതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് സിബി താമസിക്കുന്ന വാടക വീടിന്റെ ഉടമയോട് ഇക്കാര്യം പറയാനായി പോയ സമയം നോക്കിയാണ് മണ്ണണ്ണെ ഒഴിച്ച് ഗോപിക തീകൊളുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ ഉറക്കെയുള്ള അലറൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ച് ഗോപികയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊണ്ട് പോയത്. തുടർന്ന് പിറ്റേദിവസം എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണപ്പെടുകയായിരുന്നു. സിബിയെ സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുമ്പോളും ലഹരി ഉപയോഗിച്ചു അബോധാവസ്ഥയിലായിരുന്നു ഇയാൾ. എറണാകുളത്തെ സ്വകാര്യ ബസ് ജീവനക്കാരനായ ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

-Advertisements-