Saturday, April 20, 2024
-Advertisements-
KERALA NEWSതെറ്റ് ചെയ്തതിന്റെ പേരിൽ ഒറ്റപ്പെടുന്ന അവഗണിക്കപ്പെടുന്ന കുട്ടികൾക്ക് എന്നെ അറിയാം: സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ്:-

തെറ്റ് ചെയ്തതിന്റെ പേരിൽ ഒറ്റപ്പെടുന്ന അവഗണിക്കപ്പെടുന്ന കുട്ടികൾക്ക് എന്നെ അറിയാം: സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ്:-

chanakya news
-Advertisements-

സമൂഹത്തിലും ജീവിതത്തിലും ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങൾ വർണ്ണിച്ചുകൊണ്ടുള്ള സൈക്കോളജിസ്റ്റായ കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് നിരവധിയാണുള്ളത്. വർഷങ്ങൾക്ക് മുൻപ് ഒരു കോളേജിൽ കൗൺസിലറായി ജോലിയിൽ പ്രവേശിക്കാൻ അപേക്ഷ നൽകി നിൽക്കുമ്പോളുള്ള പ്രിൻസിപ്പൽ ജിജി അച്ഛന്റെ ചോദ്യത്തെ ആസ്പദമാക്കിയുള്ള കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്…

വർഷങ്ങൾക്കു മുന്പ് കോളേജിലെ പ്രിൻസിപ്പലിന്റെ മുറി.. കൗൺസിലർ ആയി ജോലിയ്ക്ക് അപേക്ഷ നൽകി നിൽക്കുന്ന എന്നോട് പ്രിൻസിപ്പൽ ജിജി അച്ഛൻ ചോദിച്ചു.. എന്ത് കൊണ്ടാണ് ടീനേജ് കൗൺസലിംഗ്?
ഫാദർ ന് കൗൺസലിംഗ് എന്ന രംഗത്ത് കേരളത്തിൽ ഉള്ള പരിമിതികൾ അറിയാം. ഫാമിലി കൗൺസിലർ ആയി പ്രാക്ടീസ് ചെയ്താൽ സാമാന്യം കാശുണ്ടാക്കാം.. ടീനേജ് കൗൺസലിംഗ് ഒരുപാട് ബദ്ധപ്പാടാണ് പിടിച്ചു നില്കാൻ…
നമ്മുക്ക് ആ കാരണം തിരക്കി ഒന്ന് പിന്നോട്ടു പോകാം.. ഈ കൗൺസിലർ അന്നൊരു സ്കൂൾ കുട്ടി ആണ്…
1987, അച്ചാമ്മയുടെ മരണം ആദ്യത്തെ മാനസിക സംഘർഷം.. തുടർന്നു കണ്ണിന്റെ പ്രശ്നം, തലവേദന,
പരീക്ഷയുടെ മാർക്ക്‌ അങ്ങ് കീഴോട്ട് വീണു.. അഞ്ചാം റാങ്കിനുള്ളിൽ നിന്നില്ല എങ്കിൽ അമ്മ നന്നായി ശിക്ഷ നൽകും.. അത് തത്കാലം സഹിക്കാമെന്നു വെയ്ക്കാം.. പക്ഷെ കുറെ നാൾ കൂടി എത്തിയ കുടുംബത്തിലെ കല്യാണം.. മാമന്റെ മകളുടെ..

പത്ത് പേരും അവരുടെ കൊച്ചു മക്കളും മരുമക്കളും ബന്ധുക്കളും ഒക്കെ തറവാട്ടിൽ നിറഞ്ഞിരിക്കുക ആണ്..
ഈ മാർക്ക്‌ അമ്മയെ കാണിച്ചാൽ ഉടുപ്പിന് ചേരുന്ന ചെരുപ്പ്, വള ഒക്കെ അഹങ്കാരത്തോടെ വാങ്ങിപ്പിക്കാൻ പറ്റില്ല.. അമ്മ കുടുംബത്തിൽ ഇത് പറയുകയും മറ്റുള്ളവരുടെ മുന്നില് ചെറുതാകുകയും ചെയ്യും..
ഓഹ്.. വേണ്ട.. തത്കാലം മാർക്ക്‌ ഞാനൊന്നു മിനുക്കാം.. അങ്ങനെ മേക്കപ്പ് അപ്പ്‌ ഇട്ടു ഞാനെന്റെ മാർക്കുകളെ സുന്ദരി ആക്കി.. പക്ഷെ ഒരുക്കി എടുത്തപ്പോൾ മേക്കപ്പ് അപ്പ്‌ കൂടി പോയോ ചേട്ടാ എന്നൊരു സംശയം.. ഓഹ്.. ഇനിയിപ്പോ കല്യാണമൊക്കെ കഴിഞ്ഞോട്ടെ.. അമ്മയും കല്യാണമൊക്കെ നന്നായി കൂടട്ടെ.. ഞാനങ്ങു വിശാലമനസ്ക ആയി.. ഉത്തരക്കടലാസും പേപ്പറും ഒക്കെ രഹസ്യമായി അമ്മയുടെ സാരിയുടെ അടിയിൽ തന്നെ വെച്ചു.. നിരത്തി വെയ്ക്കാൻ എളുപ്പമുണ്ടല്ലോ.. ചുളുങ്ങില്ല.. അങ്ങനെ കല്യാണം ഇങ്ങെത്തി.. റിപ്പോർട്ട്‌ കാർഡ് കിട്ടിയില്ലേ? അമ്മ ഇടയ്ക്ക് ചോദിക്കും.. ല്ലമ്മേ, നിഷ്കളങ്കത വാരി കോരി ഞാൻ ഉത്തരം കൊടുക്കും.. ചുമന്ന ഉടുപ്പിന് ചുവന്ന ചപ്പല് വാങ്ങാൻ അച്ഛനും ഞാനും പോകുമ്പോൾ കല്യാണവീട്ടിൽ പോകാൻ അമ്മ ഒരുക്കമാണ്.. ചെരുപ്പും വാങ്ങി തുള്ളി ചാടി എത്തിയ ഞാൻ കോളിംഗ് ബെൽ അടിച്ചു..
അമ്മ വാതില് തുറക്കും മുൻപേ ആദ്യത്തെ അടി തന്നത് എങ്ങനെ എന്നൊന്നും ഇപ്പോഴും അറിയില്ല..

ഞാൻ പുറത്ത് പോയ തക്കത്തിന് ആ ഒളിച്ചിരുന്ന മാർക്കുകൾ സാരിയുടെ ഇടയിൽ നിന്നും എത്തി നോക്കി അമ്മയോട് ഹായ് പറഞ്ഞിട്ടുണ്ട്.. പിന്നെ ഒന്നും ഓർമ്മയില്ല.. അടി, വഴക്ക് എല്ലാം കിട്ടി ബോധിച്ചു.. ഇടയ്ക്ക് അനിയന്റെ “കള്ളി ‘വിളിയും.. ആ സമയം അല്ലേൽ തിരിച്ചു പോടാ പട്ടി എന്ന് അലറും.. ഇതിപ്പോ തലകുനിച്ചു നിൽക്കുക ആണ്.. കുടുംബ വീട്ടിലെത്തിയ അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു സഹോദരങ്ങൾ കാര്യം തിരക്കി.. അത് എനിക്കു എങ്ങനെ മനസ്സിലായി എന്ന് വെച്ചാൽ മുതിർന്ന ഓരോ വ്യക്തികളും എന്നെ രൂക്ഷമായി നോക്കുന്നു. സമപ്രായക്കാരെ ലാളിക്കുമ്പോൾ എന്നെ അവഗണിക്കുന്നു..
വല്യച്ചന്മാരൊക്കെ ഡോക്ടറും എൻജിനീയർമാരും ആണ്.. മാമനും മാമിയും ഒക്കെ കോളേജ് അധ്യാപകരായുണ്ട്..
ചേട്ടന്മാരും ചേച്ചിമാരും ഒക്കെ സ്കൂളിൽ, കോളേജില് ഒക്കെ ഒന്നാംതരം.. അതിന് ഇടയ്ക്ക് ആ കുടുംബത്തെ ആദ്യത്തെ കൊലപാതകി അല്ലേൽ പിടിച്ചുപറിക്കാരി എന്ന മട്ടിൽ ഞാനും.. മോളെന്തിനാ അങ്ങനെ ചെയ്തതെന്നോ ഇനി ചെയ്യരുതെന്നോ ആരും ചോദിച്ചില്ല.. ഏതാണ്ട് വര്ഷങ്ങളോളം ഞാൻ ആ നാണക്കേട് മീൻകൊട്ട ചുമക്കും പോലെ കൊണ്ട് നടന്നു.. ഇടയ്ക്ക് അനിയനുമായി വഴക്ക് കൂടുമ്പോൾ, കള്ളി, റിപ്പോർട്ട്‌ തിരുത്തിയ കള്ളി എന്ന് അവൻ കൊഞ്ഞണം കാട്ടും.. അരുത് ദുഷ്‌ടാ എന്ന് ദയനീയമായി നോക്കിയാലും അവൻ പറഞ്ഞു ജയിച്ചു കഴിഞ്ഞല്ലോ..

സത്യത്തിൽ ആ ഒരു സംഭവം എന്റെ ജീവിതത്തെ മാറ്റി മറിച്ചു.. എന്റെ ആത്മാഭിമാനം, തലയെടുപ്പ് ഒക്കെ ചത്തു… വർഷങ്ങൾക്ക് അപ്പുറം dc ബുക്സ് എന്റെ കേസ് ഡയറി, കൗമാരക്കാരെ കുറിച്ചുള്ള കുറിപ്പുകൾ പ്രസിദ്ധീകരിച്ച ദിവസം, ആ സ്റ്റേജിൽ വെച്ച് ഞാനൊരു ദീർഘശ്വാസം എടുത്തു.. നഷ്‌ടപ്പെട്ട എന്റെ അഭിമാനം അത്രയും വർഷം കഴിഞ്ഞു ഞാൻ പിടിച്ചു എടുത്ത പോലെ.. എന്റെ മോളും ഉണ്ടായി കഴിഞ്ഞാണെന്നു ഓർക്കണം.. ഇന്നലെ കഴിഞ്ഞ പോലെ അന്നത്തെ എന്റെ അറിവില്ലായ്മയുടെ വലിയ തെറ്റും തുടർന്നു ഒരുപാട് പേരുടെ മുഖത്തെ ഇഷ്‌ടമില്ലായ്മയും ഞാൻ നൊമ്പരത്തോടെ നെഞ്ചിൽ ചേർത്തിരുന്നു.. എങ്ങനുണ്ട് വിദ്യാഭ്യാസം എന്നൊരു മുതിർന്ന വ്യക്തി പരിഹാസത്തോടെ എന്നോട് ചോദിച്ച നിമിഷം, ആ നേരത്തെ എന്റെ വിറയൽ എനിക്ക് ഇപ്പോഴും അറിയാം, ആ-ത്മഹത്യ എന്നൊന്നും അന്ന് അറിയില്ലല്ലോ.. മുഖവും വീർപ്പിച്ചു ചുമ്മാ ഇരിക്കും.. പക്ഷെ ആ മനസ്സിൽ അപ്പോൾ ജീവനുണ്ടായിരുന്നില്ല.. വെറും 6500 ആയിരുന്നു സ്കൂളിൽ കൗൺസിലർ ആയി ജോലി നോക്കുമ്പോൾ ശമ്പളം.. പ്രസവിച്ചു കിടക്കുമ്പോൾ നോക്കാൻ വരുന്ന പതിച്ചിക്ക് പതിനായിരം റുപ്പിക അടുത്ത് കിട്ടും.. പക്ഷെ ഞാൻ ഏറ്റവും സന്തോഷത്തോടെ ജോലി ചെയ്ത കാലങ്ങളായിരുന്നു.. എന്നെ പോലെ ഒരുപാട് ചട്ടമ്പി പിള്ളേരെ ഞാൻ കണ്ടു.. അവർക്ക് വേണ്ടി ഞാൻ പലപ്പോഴും വക്കീൽ ആയിട്ടുണ്ട്.. അംഗീകരിക്കുന്നു എന്നൊരു തോന്നൽ, ആ നിമിഷം ചേർത്ത് പിടിക്കുന്നു എന്നൊരു തണവ് എത്ര വലുതാണെന്ന് എന്നേക്കാൾ ആർക്കാണ് അറിയുക..

വീണ്ടും കോളേജിലെ പ്രിൻസിപ്പലിന്റെ മുറിയിൽ പോകാം നമ്മുക്ക്.. ജിജി അച്ഛനോട് ഞാൻ പറയുന്നു :
എന്റെ കൗമാരകാലങ്ങളിൽ എന്നെ ചേർത്ത് പിടിക്കാൻ ഒരാള് വേണമായിരുന്നു.. അന്ന് എനിക്ക് കിട്ടാതെ പോയത് അനേകം കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അതിന്റെ കരണമറിയില്ല എങ്കിൽ കൂടി പ്രിൻസിപ്പലിന്റെ മുഖത്തു ഒരു എമ്പതി ഞാൻ കണ്ടു.. Empathy, അതാണല്ലോ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്ക് വേണ്ടത്.. ഈ കൗൺസിലർ അങ്ങനെ മാർ ഇവാനിയേസ് എന്ന പുണ്യസ്ഥാപനത്തിൽ വര്ഷങ്ങളായി ജോലി ചെയ്യുന്നു.. ഇത്രയും വർഷങ്ങൾ കഴിഞ്ഞു.. കോളേജിലെ പല നല്ല പിള്ളേർക്ക് എന്നെ അറിയില്ല.. കൗൺസലിംഗ് സെന്റർ ഉണ്ടെന്നും അവിടെ കൗൺസിലർ ഉണ്ടെന്നും അറിയാമെങ്കിലും.. തെറ്റ് ചെയ്തു പോയതിന്റെ പേരിൽ ഒറ്റപ്പെടുന്ന, അവഗണിക്കപ്പെടുന്ന കുട്ടികൾക്ക് എന്നെ അറിയാം.. അവരെ ചേർത്ത് പിടിക്കുന്ന എനിക്കും അവരെ അറിയാം…. കല, കൗൺസലിംഗ് സൈക്കോളജിസ്റ്

-Advertisements-