Friday, March 29, 2024
-Advertisements-
KERALA NEWSപായിപ്പാട്ടെ പ്രതിഷേധം: സർക്കാർ കണ്ണുതുറക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പായിപ്പാട്ടെ പ്രതിഷേധം: സർക്കാർ കണ്ണുതുറക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ തങ്ങൾക്ക് ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവിൽ ഇറങ്ങിയ സംഭവത്തിൽ സർക്കാർ കണ്ണ് തുറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രമന്ത്രി വിമുരളീധരൻ രംഗത്ത്. ഒരു പ്രശനമുണ്ടാകുമ്പോൾ അതിനു പരിഹാരം കാണുന്നതിന് പകരം സർക്കാർ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലരൊക്കെ ഈ വിഷയം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവെച്ചു രെക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

കോട്ടയം പായിപ്പാട്ട് ഇതരസംസ്ഥാനതൊഴിലാളികൾ ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവിലിറങ്ങേണ്ടിവന്ന സംഭവം മാധ്യമങ്ങളിലൂടെ കണ്ടു. കേരളത്തിൽ എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാദിവസവും ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന ഇടങ്ങളിലൊന്നായ പായിപ്പാട്ട് ആയിരങ്ങളാണ് ഭക്ഷണത്തിനായി തെരുവിലിറങ്ങിയത്. ഇത് സർക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ട സംഭവമാണ്. ഒരു പ്രശ്‌നമുണ്ടായപ്പോൾ അതിന് പരിഹാരം കാണുന്നതിന് പകരം വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് സംസ്ഥാനസർക്കാർ ശ്രമിച്ചത്. ഇത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ പറ്റില്ലെങ്കിൽ തങ്ങളെ നാട്ടിലേക്ക് അയക്കണമെന്ന് തൊഴിലാളികൾ പറയുന്നതാണ് വാർത്താചാനലുകളിലൂടെ കാണാൻ സാധിച്ചത്. ഹിന്ദി മനസിലായ എസ്.പി. അതുൾക്കൊള്ളുകയും എല്ലാവർക്കും ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, ജില്ലാകലക്ടറും റവന്യൂഅധികൃതരും പ്രതിഷേധക്കാരുടെ ആവശ്യം നാട്ടിലേക്കുള്ള മടക്കമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് ചാനലുകളിൽ കണ്ടത്.

തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി അവരെ ആശ്വസിപ്പിക്കുന്നതിന് പകരം വിഷയം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവെച്ച് തടിയൂരാനാണ് അധികൃതർ ശ്രമിച്ചത്. ഇത് സംസ്ഥാനസർക്കാരിന് ഭൂഷണമായ നടപടിയല്ല. പായിപ്പാട്ടെ തൊഴിലാളികളുടെ ദുരനുഭവം ഒറ്റപ്പെട്ടതാണെന്ന് കരുതാനും തരമില്ല. കഴിഞ്ഞദിവസമാണ് കോഴിക്കോട് കുറ്റ്യാടിയിൽ 200 ഓളം വരുന്ന ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ഭക്ഷണം ലഭിക്കാതെ വലഞ്ഞവാർത്ത പുറംലോകമറിഞ്ഞത്. മുൻ കൃഷിമന്ത്രി രാധാമോഹൻസിംഗ്ജി ഇക്കാര്യം അറിയിച്ചപ്പോൾ കുറ്റ്യാടിയിലെ തൊഴിലാളികൾക്ക് വേണ്ട സഹായമെത്തിക്കാൻ ഞാൻ നേരിട്ട് ഇടപെട്ടിരുന്നു. സമാനസാഹചര്യം കേരളത്തിൽ മറ്റുപലയിടങ്ങളിലും ഉള്ളതായാണ് ലഭ്യമാകുന്ന വിവരം. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സംസ്ഥാനസർക്കാർ ഇനിയെങ്കിലും ഉണർന്നുപ്രവർത്തിച്ചേ മതിയാകൂ. കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തിലും സംസ്ഥാനസർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്.

സംസ്ഥാനവ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ അതിന് വേണ്ട ഒരു ധനസഹായവും സംസ്ഥാനസർക്കാർ ചെയ്ത് നൽകിയിട്ടില്ല. എല്ലാം തദ്ദേശസ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നും വകയിരുത്തണമെന്നാണ് സർക്കാർ പറയുന്നത്. അതിന് സാധിക്കാത്ത പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും ഇപ്പോൾ ഫണ്ടിന്റെ അപര്യാപ്തത കാരണം വിഷമവൃത്തത്തിലാണ്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ അത് ക്രമസമാധാനപ്രശ്‌നങ്ങൾക്കിടയാക്കും. അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനസർക്കാർ വഴിമരുന്നിടരുതെന്ന അഭ്യർത്ഥനകൂടി മുന്നോട്ടുവെയ്ക്കുകയാണ്.

-Advertisements-