Saturday, April 20, 2024
-Advertisements-
KERALA NEWSപായിപ്പാട്ട് നിന്നും 24 ന്യൂസ് ചാനൽ വിട്ടുനിന്നതിൽ ഡോ അരുണ്കുമാറിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കർ

പായിപ്പാട്ട് നിന്നും 24 ന്യൂസ് ചാനൽ വിട്ടുനിന്നതിൽ ഡോ അരുണ്കുമാറിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കർ

chanakya news
-Advertisements-

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒത്തുചേർന്ന സംഭവത്തിൽ നിന്നും 24 ന്യൂസ് ചാനൽ വിട്ടു നിന്ന സംഭവത്തിൽ ഡോ അരുൺ കുമാറിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

24 ന്യൂസിലെ ഡോ. അരുൺ കുമാറിനുള്ള തുറന്ന കത്ത്.
പ്രിയപ്പെട്ട ശ്രീ അരുൺ:

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരൽ ദൃശ്യങ്ങളിൽ നിന്നും താങ്കളുടെ 24 ന്യൂസ് ചാനൽ പിൻവാങ്ങിയത് വസ്തുതകൾ മനസ്സിലാക്കിയാണെന്ന താങ്കളുടെ വിശദീകരണം കണ്ടു. തൊഴിലാളികളുടെ പ്രശ്നങ്ങൾ സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിനു പുറത്തായതു കൊണ്ടും സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന സംശയത്താലും ആണ് ചാനൽ ഈ തീരുമാനത്തിൽ എത്തിയത് എന്നും ഇതാണ് മാധ്യമ ധർമ്മം എന്നുമാണ് താങ്കളുടെ അഭിപ്രായം.

എന്താണ് ശ്രീ അരുൺ ഇതേ കാരണങ്ങൾ മൂലം ഡൽഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരൽ ദൃശ്യങ്ങൾ കാണിക്കേണ്ട എന്നു നിങ്ങൾ തീരുമാനിക്കാതിരുന്നത്? കേരളത്തിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾ മുഴുവൻ നിങ്ങളുടെ ചാനൽ കാണുന്നത് കൊണ്ടാണോ കേരളത്തിലെ ദൃശ്യങ്ങൾ കാണിക്കേണ്ട എന്നും, ഡൽഹിയിലെ അന്യസംസ്ഥാന തൊഴിലാളികൾ നിങ്ങളുടെ ചാനൽ കാണാത്തത് കൊണ്ടാണോ അവിടത്തെ ദൃശ്യങ്ങൾ കാണിക്കണം എന്നും നിങ്ങൾ തീരുമാനിച്ചത്? അതോ ഡൽഹിയിലെ വിഷയം കേരള സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്ത് ആയതുകൊണ്ടാണോ?

എന്താണ് മാധ്യമ ധർമ്മം? വാർത്തകൾ കലർപ്പില്ലാതെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് മാധ്യമ ധർമ്മം. പായിപ്പാട്ട് ഒരു സംഭവം ഉണ്ടെങ്കിൽ അത് എന്താണെന്ന് ആൾക്കാരെ അറിയിക്കുകയും അതിന്റെ ദൃശ്യങ്ങൾ എത്തിക്കുകയുമാണ് മാധ്യമ ധർമ്മം. കാരണം അത് അറിയാനും വിലയിരുത്താനുമുള്ള അവകാശം ജനങ്ങൾക്ക് ഉള്ളതാണ്. അല്ലാതെ ഒരു സംഭവം ഉണ്ടാകുമ്പോൾ അതിന്റെ കാര്യകാരണങ്ങൾ നിങ്ങളുടെ എഡിറ്റോറിയൽ ബോർഡ് കൂടി തീരുമാനിക്കുകയും, നിങ്ങൾ കരുതുന്ന കാരണങ്ങളാൽ പ്രേക്ഷകർ അത് കാണേണ്ട എന്നു തീരുമാനിക്കുകയും ചെയ്യുന്നതല്ല മാധ്യമ ധർമ്മം. ഏകപക്ഷീയമായി ചാനൽ അജണ്ടയ്ക്ക് അനുസരിച്ച് പ്രേക്ഷകർ ചിലത് കാണേണ്ട എന്നു തീരുമാനിക്കുന്നതിന് മാധ്യമ ധർമ്മം എന്നല്ല ഫാഷിസം എന്നാണ് പേര്.

ഒരു നാട് വെൻറിലേറ്ററിലാകുമ്പോൾ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധർമ്മം എന്ന് താങ്കൾ പറയുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കൾ നേരിട്ട് മനിതി സംഘത്തെ പിന്തുടർന്ന് ദൃശ്യങ്ങൾ തൽസമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോൾ താങ്കൾ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആൾക്കാർ അവിടെ വരുന്നതിൽ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ പിന്നെ താങ്കൾ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ അതിനെയും ഇതുവരെ വന്നിട്ടില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് താങ്കൾ പുലർത്തിയ മാധ്യമ ധർമ്മം കാട്ടുതീ ആയിരുന്നോ പ്രാണവായു ആയിരുന്നോ? തെറ്റായ കാര്യങ്ങൾ സമൂഹ വ്യാപനത്തിനു കാരണമാകുന്നു എന്നത് താങ്കൾ അന്ന് എന്തേ ചിന്തിച്ചില്ല? താങ്കൾ അസത്യങ്ങളും അർദ്ധസത്യങ്ങളും പറയുന്നു എന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊതുജന സമ്മർദ്ദം മൂലമാണ് 24 ന്യൂസ് എന്നെ ‘ജനകീയ കോടതി’യിലേക്ക് ക്ഷണിച്ചതു പോലും. പൗരത്വ നിയമം ‘സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്തുള്ള’ വിഷയം ആയതുകൊണ്ടാണോ താങ്കൾ അത് സംപ്രേഷണം ചെയ്തത്?

മാധ്യമ ധർമ്മത്തെക്കുറിച്ച് ദയവായി താങ്കൾ കൂടുതൽ സംസാരിക്കരുത്. ഞാൻ പങ്കെടുത്ത ‘ജനകീയ കോടതി’യിൽ നിന്നും പ്രസക്തമായ എത്രയോ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കളഞ്ഞ ശേഷമാണ് താങ്കളുടെ ചാനൽ ആ പരിപാടി സംപ്രേഷണം ചെയ്തത്. എന്നിട്ടും അത് എനിക്ക് അനുകൂലമായി വന്നത് താങ്കളുടെ നിലപാട് ദുർബലമായിരുന്നത് കൊണ്ടാണ്. എഡിറ്റ് ചെയ്ത് കളയുമെന്ന് ഭീഷണി പോലും ഉണ്ടായി. എന്തൊക്കെയാണ് എഡിറ്റ് ചെയ്ത് കളഞ്ഞത് എന്ന് പിന്നീട് ഞാൻ വിശദമായി പോസ്റ്റ് ചെയ്തിരുന്നു. എന്തിനേറെ, പരിപാടി അവസാനിക്കുമ്പോൾ ജഡ്ജ് ആയി വന്ന ശ്രീ വി വി വേണുഗോപാൽ പറഞ്ഞ വിധിയെ പോലും എഡിറ്റ് ചെയ്ത് ഏകപക്ഷീയമാക്കിയ ആൾക്കാർ അല്ലേ നിങ്ങൾ? അത് ഗൂഢാലോചനയല്ലേ?

മാധ്യമ ധർമ്മത്തെ കുറിച്ച് സംസാരിക്കുന്നതിനു മുൻപ്, സ്വയം വിലയിരുത്തുക. എന്നിട്ട് ഞാൻ പങ്കെടുത്ത ജനകീയ കോടതിയുടെ എഡിറ്റ് ചെയ്യാത്ത വിഡിയോ പുറത്തു വിടുക. ചുരുങ്ങിയത് ശ്രീ വേണുഗോപാലിന്റെ ജഡ്ജ്മെന്റ് എങ്കിലും. എന്നിട്ട് നമുക്ക് മാധ്യമ ധർമ്മത്തെ കുറിച്ച് വിശദമായ ഒരു ചർച്ച ആവാം.

സമാന വിഷയങ്ങളിൽ ഒരൊറ്റ നിലപാട് ഉണ്ടാകുക എന്നതാണ് മാധ്യമ ധർമ്മം. സമാന വിഷയങ്ങളിൽ എത്ര നിലപാട് വരെയാകാം എന്നതാണോ താങ്കളുടെ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത് – 24?

സസ്നേഹം:
ശ്രീജിത് പണിക്കർ

-Advertisements-