Friday, March 29, 2024
-Advertisements-
KERALA NEWSപിറന്ന് വീണ കുഞ്ഞിന് കൊറോണയാണെന്നറിഞ്ഞ അമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാൻ പറ്റുമോ എന്നാൽ അത്...

പിറന്ന് വീണ കുഞ്ഞിന് കൊറോണയാണെന്നറിഞ്ഞ അമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാൻ പറ്റുമോ എന്നാൽ അത് നേരിട്ട് കണ്ട ഡോക്ർ പറയുന്നു

chanakya news
-Advertisements-

താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിൽ തോന്നിയിട്ടും ദൂരെ ഒരു ഗേറ്റിനപ്പുറം നിന്നു തന്റെ 2 കുട്ടികളെ കണ്ടു ,ഒന്നു തൊടാൻ പോലും കഴിയാതെ വിഷമിച്ച് മരിച്ച ഒരു യുവ ഡോക്ടറും, കൊറോണ കാലത്ത് നിയന്ത്രങ്ങൾ തെറ്റിച്ചും വേണ്ട മുൻകരുതൽ എടുക്കാതെ കോറോണയെ പേടി ഇല്ലാത്തവരോടും ഡോക്ടർ അശ്വതി സോമന് പറയാനുള്ളത് ഇതാണ്.

പ്രിയപ്പെട്ട ,
നിങ്ങൾ ഓരോ വ്യെക്തിക്കുമുള്ള ഒരു തുറന്ന കത്ത്

ഓരോ ദിവസവും അക്കങ്ങൾ മാറുമ്പോൾ പലർക്കും ഒരു ഹരമാണ്.രാവിലെ എഴുന്നേറ്റു ഓണ്ലൈനിൽ നോക്കി ഒറ്റ രാത്രി കൊണ്ട് ഇറ്റലിയിൽ 600 കഴിഞ്ഞു എന്നു പറഞ്ഞ്, ദേ ഇന്ത്യയിൽ കൂടി ട്ടോ സെഞ്ചുറി ആകുമായിരിക്കും ലേ എന്നു ചോദിക്കുന്ന ചിലർ നമുക്കിടയിൽ തന്നെ ഉണ്ട്. ദിവസകണക്കാണ് ഇപ്പോ ക്രിക്കറ്റിനേക്കാൾ, ഫുട്ബോൾ സ്കോറിനേക്കാൾ ബൃഹതരം. ടിവി യിൽ സ്ക്രോൾ ന്യൂസ് വരുമ്പോൾ മൂക്കിന് തുമ്പത്ത് കൈ വെച്ചോ ശോ ഒന്നു നോക്കിയേ ഇറ്റലി ചൈനയെ കടത്തിവെട്ടി ഡബിൾ ആയി എന്നു പറയുമ്പോ ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ആ കണക്കുകൾ നിങ്ങളേയും എന്നേയും പോലെ ഓടി നടക്കുന്ന മനുഷ്യനായിരുന്നു എന്ന്‌.

അവർക്കും ഉണ്ടായിരുന്നു കുറേ സ്വപ്നങ്ങൾ .അത് പൂവണിയിക്കാൻ വേണ്ടി തന്നെയാണവർ നെട്ടോട്ടമോടിയത്. രാവിലെ പകുതി ഭക്ഷണം കഴിച്ചു ബസ്സിലും, ഓട്ടോയിലും കഷ്ടപ്പെട്ട് ജോലി സ്ഥലത്തെത്തി രാവന്തിയോളം ജോലി തുടർന്നു തളർന്നു വീട്ടിൽ വന്നു കുട്ടികളെ പോലും ഒരു നോക്കു കാണാനാവാതെ കഷ്ടപ്പെടുന്ന ഒരു ജനതക്ക് പെട്ടെന്ന് ഓട്ടം നിലച്ച പോലെയാണ്.

വൈകീട്ട് വരാം എന്നു പറഞ്ഞു പോരുമ്പോൾ ഒരു മഹമാരിയും കൂടെ വരും എന്നു അവരും അറിഞ്ഞിരുന്നില്ല. ചുമയും പനിയും ശ്വാസംമുട്ടലുമായി ആശുപത്രിയിൽ എത്തിയപ്പോഴും വീട്ടിൽ തിരിച്ചെത്തി ചെയ്തുതീർക്കാൻ ബാക്കി ഉള്ള കാര്യങ്ങളുടെ ലിസ്റ്റ് ആയിരുന്നിരിക്കണം മനസ്സിൽ മുഴുവൻ. താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിൽ തോന്നിയിട്ടും ദൂരെ ഒരു ഗേറ്റിനപ്പുറം നിന്നു തന്റെ 2 കുട്ടികളെ കണ്ടു ,ഒന്നു തൊടാൻ പോലും കഴിയാതെ വിഷമിച്ച് മരിച്ച ഒരു യുവ ഡോക്ടറും ഈ അക്കങ്ങളിൽ പെടും.

അവിടെയും ഉണ്ടായിരുന്നു ഒരുപാട് നഴ്സുമാർ .തന്റെ പ്രിയതമന്റെ ശരീരവും വഹിച്ചു കൊണ്ടു പോകുന്ന ആംബുലൻസിന്റെ പിന്നാലെ ഓടി തളർന്നു വീണതും വാർത്തയായിരുന്നു.അവസാനമായി കാണാൻ ആഗ്രഹിച്ച സൂര്യാസ്തമയം കാണാനും നിങ്ങൾക്കൊപ്പം ഉണ്ടായിരുന്നവർ ഇന്ന് ആ അക്കങ്ങളിൽ ഉണ്ട്.അന്ത്യചുംബനം കൊടുക്കാനോ,ഒന്നു തൊടാനോ ,അവസാനമായ ആ ശ്വാസത്തിൽ അവന്റെ ഒരു ഗന്ധമറിയാനോ പോലുമാകാതെ തരിച്ചിരുന്നവർ ഉണ്ട് നമുക്ക് ചുറ്റും.

ജനിച്ച കുഞ്ഞിന് തന്നിൽ നിന്നു പകർന്ന് കിട്ടിയ ഈ അസുഖത്തിനെ എന്തുചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഒരു അമ്മയും ഉണ്ട് നമുക്കിടയിൽ.65 വയസ്സിന് മുകളിൽ ഉള്ളവർ പേടിക്കണം എന്നു പറയുമ്പോൾ 40 വയസ്സു വരെ,തന്റെ ജീവിതത്തിന്റെ നല്ല പാതി ഹോമിച്ച് ,കുട്ടികൾക്കും, മാതാപിതാക്കൾക്കും വേണ്ടി കഷ്ടപ്പെട്ട ഒരുവന് അവർ നഷ്ടപ്പെടുമ്പോൾ അല്ലെങ്കിൽ താൻ മാത്രം രക്ഷപെടുമ്പോൾ ജീവന്റെ എന്തു തുമ്പാണ്‌ ബാക്കി ഉണ്ടാവുക.

ആരോഗ്യ രംഗത്തു മുൻപന്തിയിൽ നിന്നിട്ടും, ഒരു പ്രശ്നംവന്നപ്പോൾ അതു അഭിമുഘീകരിക്കാൻ വേണ്ട ഡോക്ടർമാർ ഇല്ലാത്തതിനാൽ കയ്യിൽ ഒരു ഡ്രിപ്പ്സെറ്റും വെച്ചു,സ്വയം മരുന്നുകൾ നൽകി കൊണ്ടു തന്റെ കർമ്മഭൂമിയിൽ തളർന്നു വീണ് മരിച്ചവരും ഉണ്ട് നമ്മൾക്കിടയിൽ ഈ അക്കങ്ങളിൽ ഒരാളായി.ഒരു കോഴ്സിന് ചേർന്നു സ്പെയിനിൽ എത്തി അവിടെ പെട്ടുപോയ ഒരു സുഹൃത്ത് വിളിച്ചിരുന്നു. എന്തിനാ ഞാൻ പഠിച്ചേ. വീട്ടിൽ ദേ എല്ലാവരും പേടിച്ചിരിക്കുകയാണ്. ഭാഷയും അറിയില്ല ,കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണിവിടെ. നാട്ടിൽ കുട്ടിയും,ഉമ്മയും ഒറ്റക്ക് എന്താകുമോ എന്തോ. ഭാവിയെക്കുറിച്ച് ഒന്നും പറയാൻ പറ്റാത്ത അവസ്‌ഥ.ഇത്രയേ ഉള്ളൂ ല്ലേ എല്ലാം.

മറ്റൊരു സുഹൃത്തു… ഇവിടെ ഒന്നും ഇത് വരെ ടെസ്റ്റ് ചെയ്യാൻ പോലും തുടങ്ങിയിട്ടില്ല. കണക്കൊക്കെ ഇനി കൂടും .ഒരു മാസ്‌ക് പോലും ഇല്ല. എന്തു ചെയ്യാൻ. വിധി.ഒന്നു സൂക്ഷിച്ചോ ട്ടോ എന്നു അവനും പറഞ്ഞു. വീട്ടിലും, നാട്ടിലും, സോഷ്യൽ മീഡിയയിലും ,ടിവി, റേഡിയോയിലും എല്ലാവരും പറഞ്ഞു ഒന്നു സൂക്ഷിച്ചോ എന്നു. എന്നിട്ടും സ്വന്തംകാര്യത്തിനായി ഇറങ്ങി നടക്കുന്ന സ്വാർത്ഥൻമാരുണ്ടല്ലോ അവരെ ആണ് മോറൽ പൊലീസിങ് ചെയേണ്ടത്.

ആരും ഒന്നും കരുതിക്കൂട്ടി ചെയ്യുന്നതല്ല എന്നു വിശ്വസിച്ചാലും ലോകം മുഴുവൻ ഒരു മഹാമാരിയുടെ കഥകൾ പറയുമ്പോൾ എനിക്കൊന്നും വരില്ല എന്ന ധാർഷ്ട്യം ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ ശത്രു. നമ്മിൽ എത്രപേർക്ക് ഈ അസുഖം ഉണ്ടെന്നു പോലും അറിയാതെ , ആര് പറഞ്ഞതും കേൾക്കാതെയുള്ള ചുറ്റി നടക്കലുകൾക്കു ഒരു അറുതി വന്നില്ലെങ്കിൽ ചുമരിൽ കിടക്കുന്ന പടം അടുത്ത് നിങ്ങളുടേതാകും അല്ലെങ്കിൽ നിങ്ങൾ കാരണം നിങ്ങളുടെ ഏറ്റവും അടുത്തവരുടെ.അതു സഹിക്കാനും, ആ കുറ്റബോധം കൊണ്ടു പിന്നീട് മുന്നോട്ടു പോകാനും ഒട്ടും എളുപ്പമല്ല.ദൈവത്തിന്റെ സ്വന്തം നാടാണ് പക്ഷേ അവിടം സാത്താൻ മാരെ കൊണ്ടു നിറക്കരുത്.
90305732 3758228414251269 7767828111529345024 n
വീട്ടിൽ ഇരിക്കുന്നതോ,ഒന്നു പുറത്തിറങ്ങുന്നതോ ആരും അറിയില്ലല്ലോ എന്ന ധാരണ. പിന്നേ ഇതൊക്കെ ഇവർ വെറുതേ വലുതാക്കി പറയുകയാണ് എന്ന പിന്തിരിപ്പൻചിന്ത. കിട്ടിയ അവധിദിവസം അടിച്ചുപൊളിക്കുക.മറ്റുള്ളവർ എന്തു ചെയ്യുന്നു, എത്ര പേർ പുറത്തിറങ്ങി എന്നറിയാൻ ഉള്ള വെമ്പൽ. ഇതെങ്ങോട്ടാണ് നിങ്ങളുടെ ഈ യാത്ര. സ്വയം ആരാണെന്നോ, സ്വയം വിവേകമുണ്ടോ എന്നോ ആലോചിച്ചു നോക്കിയിട്ടുണ്ടോ.കടകളിലെ സാധങ്ങൾ മുഴുവൻ സ്വന്തം വീട്ടിൽ വാങ്ങി നിറക്കുമ്പോൾ ആലോചിക്കുക തൊട്ടടുത്തുള്ളവരും മനുഷ്യരെന്ന്.

അന്നന്ന് വേണ്ട ആഹാരത്തിനു കഷ്ടപ്പെടുന്നവർക്കു ഇനി വരുന്ന ദിവസങ്ങൾ പട്ടിണി ആകാതിരിക്കണം എങ്കിൽ ഒരു കരുതൽ, അതു അത്യാവശ്യം തന്നെയാണ്. ചുറ്റുമുള്ളവർ മരണപ്പെട്ട ഒരു ചുടലയുടെ നടുക്ക് ജീവിക്കുക അത്ര എളുപ്പമല്ല എന്നും ഓർക്കണം. പറയുന്ന കാര്യങ്ങൾ അതു പോലെ മനസ്സിലാക്കി,കൈ കഴുകുകയും , മറ്റു ശുചീകരണ പ്രക്രിയകൾ ചെയ്യുകയും, സമൂഹത്തിൽ നിന്നു മാറി കുടുംബത്തിൽ മാത്രം ജീവിക്കുകയും ചെയ്‌തില്ലെങ്കിൽ മുന്നിലെ അക്കങ്ങളിൽ ഒരു അക്കം നിങ്ങളുമാകാം എന്ന യാഥാർഥ്യം വിസ്മരിക്കേണ്ട.

അപ്പോഴേക്കും മരുന്നു കണ്ടുപിടിക്കില്ലേ എന്ന തോന്നൽ അസ്ഥാനതാണ്. സാധാരണ തന്നെ ഒരു ഗവ.ആശുപത്രിയിൽ രോഗം കാണിക്കാൻ നമുക്ക് വേണ്ടി വരുന്ന സമയവും, നമ്മൾ പറയുന്ന സൗകര്യ കുറവുകളും , ഡോക്ടർമാരുടെയും, ടെക്‌നീഷൻ മാരുടെ , ഇൻസ്ട്രുമെന്റസിന്റെ അഭാവവും ഒന്നു ആലോചിക്കുക. പ്രൈവറ്റിലും ഇത് തന്നെ സ്ഥിതി. നമ്മുടെ നാട്ടിൽ സാധാരണതന്നെ നിറഞ്ഞ് കവിഞ്ഞ ip, വാർഡ് ,icu തുടങ്ങിയ കാര്യങ്ങൾ ഒരു ഗവ മെഡിക്കൽ കോളേജിൽ പോകുന്നവർക്ക് അറിയാമായിരിക്കും അല്ലേ. അതേ പോലെ എത്ര രോഗികളെ ഒരേ സമയം നമുക്ക് ചികിൽസിക്കാൻ കഴിയും എന്നു ചിന്തിച്ചിട്ടുണ്ടോ?
90235944 3758228347584609 4627172120013570048 o
യൂറോപ്പ്,ചൈന ,ഇറ്റലി പോലുള്ള വൻ രാജ്യങ്ങളിൽ ഇത്രയേറെ അവരുടെ സാമൂഹ്യ സമ്പത് വ്യവസ്ഥകൾക്ക് കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ ഇന്ത്യ പോലുള്ള ഒരു കൊച്ചു രാജ്യത്തിനും,കേരളത്തിനും എന്തു സംഭവിക്കും എന്നു ഒന്നു ഓർക്കുന്നത് നല്ലതാണ്.
സാധാരണ അഡ്മിഷൻ വരുന്ന അസുഖങ്ങളുടെ കൂടെ, ആക്‌സിഡന്റിൽ പെട്ടവർ, പെട്ടെന്നു വരുന്ന മറ്റു രോഗങ്ങൾ കൂടാതെ ഈ മഹമാരിയും വന്നു പെടുമ്പോൾ ജനങ്ങളുടെ ജീവിതം ഒരു നിസ്സഹായതിയിലേക്കു പോകും.

കുത്തിവെക്കാൻ ഉള്ള മരുന്നുകളോ, ഗുളികരൂപത്തിൽ ഉള്ള മരുന്നുകളോ നമുക്ക് കുറവ് തന്നെയാണ്.അതു വിന്യസിപ്പിച്ചെടുത്തു നമുക്കരികിൽ എത്താൻ വർഷം ഇനിയും കഴിയണം.അതാണെങ്കിലും ചികിൽസിക്കാൻ വേണ്ടേ ഒരു സ്ഥലം.അതിന് ആരോഗ്യപ്രവർത്തകരെ വേണ്ടേ.

രാഷ്ട്രീയവും, കളിയാക്കലുകളും, കൂട്ടിവെക്കലും തത്കാലം ഒഴിവാക്കി നന്മ നിറച്ചു കൊണ്ട് മുന്നോട്ടു പോകാൻ നമുക്ക് ശ്രമിക്കാം.പറഞ്ഞത് കേട്ടു കുറച്ചു നാൾ വീട്ടിൽ ഇരിക്കാം. രണ്ടു മൂന്നു മാസംകൊണ്ടു ഇതു കുറയുക തന്നെ ചെയ്യും. ആ സമയം കൊണ്ടു അസുഖം വരുന്നതിനനുസരിച്ചു എല്ലാവർക്കും വേണ്ട പരിചരണം കൊടുക്കാനും നമുക്ക് കഴിയും. പയ്യെ തിന്നാൽ പനയും തിന്നാം അല്ലെങ്ങിൽ മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്നൊക്കെ പറയും പോലെ. ഈ അസുഖത്തിൽ നിന്നു രക്ഷനേടാൻ ഉള്ള ഒരേ ഒരു വഴി അവലംബിച്ച് വീട്ടിൽ ഇരിക്കുക കുറച്ചു നാൾ. സ്നേഹം നിറയട്ടെ ചുറ്റ് പാടും. എന്റെ വീട്ടിലും 2 പേർ സെല്ഫ് ക്വാറന്റൈനിൽ ഇരിക്കുമ്പോൾ ആ അവസ്‌ഥ മനസ്സിലാകുന്നതേ ഉള്ളൂ. ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പൊ ഈ ചെറിയ ഒരു ബുദ്ധിമുട്ട് സഹിച്ചില്ലെങ്കിൽ പിന്നെ മുട്ടാൻ ബുദ്ധിയേ കാണില്ല.

ആദ്യമായി 6 കേസുകൾ ഉള്ള സമയത്തു ലോകത്തോട് ഇത്‌ വിളിച്ചു പറഞ്ഞ ഡോ.ലീയിന്റെ വാക്കുകൾക്ക് ഒരു വിലയും കൊടുക്കാതെ അദ്ദേഹത്തെ പുച്ഛിച്ചു തള്ളി.അദ്ദേഹം വരെ ഈ അസുഖത്തിന് അടിയറവു പറയേണ്ടി വന്നു. ശരി എന്നറിഞ്ഞിട്ടു കൂടി ഒരു ജനതയുടെ മുന്നിൽ സ്വന്തം അന്തസ്സുപണയം വെച്ച് മാപ്പപേക്ഷിക്കേണ്ടി വന്നു ആ ഭിഷഗ്വരന്. ആ ഡോക്‌ടർ ആയിരുന്നു ശെരിയെന്നു പിന്നീട് ചൈനീസ് സർക്കാരിനു പറയേണ്ടി വന്നു, മാപ്പ് പറയേണ്ടി വന്നു.പക്ഷേ അതു വല്ലാതെ വൈകിയിരുന്നു. മണ്ണടിഞ്ഞു പോയ അദ്ദേഹത്തിനോ മറ്റുളവർക്കോ അതുകൊണ്ടു എന്ത് ഗുണം. നഷ്ടങ്ങളുടെ അക്കത്തിൽ ചേർത്ത കുറച്ച് പേരുകൾ മാത്രമായി അവർ ആവശേഷിക്കുന്നു.

അതുകൊണ്ടു അടുത്ത തവണ ആ അക്കങ്ങൾ കാണുമ്പോൾ നിങ്ങളെ പോലെ ചൂരും, ചോരയും ഉള്ള വ്യെക്തികളായിരുന്നു ഇന്നലെ വരെ അവരും എന്ന ഒരു ബോധം ഉണ്ടാവുക.അഹോരാത്രം പരിശ്രമിക്കുന്ന, അസുഖങ്ങൾ ഉള്ളവരെ സമാധാനിപ്പിക്കുന്ന, തെരുവുകൾ മുഴുവൻ വൃത്തിയാക്കുന്ന , കടുപിടിത്തക്കാർ എന്നു വിളിച്ചാലും നന്മക്ക് വേണ്ടി നിലകൊള്ളുന്ന എനിക്കടക്കം ഭാഗമാകാൻ കഴിഞ്ഞ ഒരു ടീം ഇവിടെ ഉണ്ടെന്നു നമുക്ക് അഭിമാനിക്കാം. മനസ്സു കൊണ്ടു ഒന്നായി സമൂഹത്തിൽ നിന്നു വിട്ട് നിന്നു നമുക്കൊരുമിക്കാം .അല്ലെങ്കിൽ ദേ അക്കാണുന്ന അക്കങ്ങളിലെ ഒരു അക്കമായി മാറാൻ അധികം താമസം കാണില്ല.നിങ്ങൾ കാരണം നിങ്ങളുടെ കുടുംബാംഗങ്ങളും.

ഓർക്കുക പ്രതിരോധം ചികിത്സയെക്കാൾ മികച്ചതാണ്.
പ്രതിരോധം മാത്രമാണ് ഇതിനുള്ള ചികിത്സ.

നന്മ നിറയട്ടെ സ്നേഹം നിറയട്ടെ എന്നു ആശംസിച്ചു കൊണ്ട്‌

ഡോ.അശ്വതിസോമൻ

-Advertisements-