ഡൽഹി: രാജ്യത്ത് വികസന കുതിച്ചുചാട്ടത്തിന് ഉള്ള ഒരുക്കവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ 7 ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ കൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് 7 റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽവേ കോർപ്പറേഷന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നിർമ്മാണത്തിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കിയെങ്കിൽ മാത്രമേ ചെലവ് എത്ര വരും എന്നുള്ള കാര്യത്തിൽ കൃത്യമായ കണക്ക് കാണിക്കാൻ സാധിക്കുകയുള്ളൂവെന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുംബൈ നാഗപൂർ 753 കിലോമീറ്റർ, ഡൽഹി വരാണസി 865 കിലോമീറ്റർ, ഡൽഹി അഹമ്മദാബാദ് 886 കിലോമീറ്റർ, ചെന്നൈ മൈസൂർ 435 കിലോമീറ്റർ, ഡൽഹി അമൃതസർ 459 കിലോമീറ്റർ, വരാണസി ഹൗറ 760 കിലോമീറ്റർ, മുംബൈ ഹൈദരാബാദ് 760 കിലോമീറ്റർ എന്നിവയാണ് പരിഗണനയിലുള്ളത്. കോവിഡ് പ്രതിസന്ധിയിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് താമസം വരുന്ന സമയത്താണ് പുതിയ 7 റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്.