തിരുവനന്തപുരം: കഴിഞ്ഞ മാസം 23 ആം തീയതി രാത്രി ഒരു സംഘം ഗുണ്ടകൾ തലസ്ഥാനനഗരിയിലെ പേട്ട പോലീസ് സ്റ്റേഷനിൽവെച്ച് മാതാപിതാക്കളെ ആക്രമിച്ച സംഭവത്തിൽ 13 വയസ്സുകാരിയായ ഗൗരി നന്ദന പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്ന പരാതി ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ മാതാപിതാക്കൾക്ക് നേരെ കേരളത്തിലെ ഉന്നത പോലീസ് ഓഫീസർമാരും ഒരുപറ്റം ഗുണ്ടകളും റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വീരന്മാരും കൈകോർത്തപ്പോൾ നിസഹായയായി നിന്ന ഗൗരി മാതാപിതാക്കൾ പോലും അറിയാതെയാണ് പ്രധാനമന്ത്രിക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തയച്ചത്.
മാതാപിതാക്കളെ ആക്രമിച്ചത് കൂടാതെ തനിക്ക് നേരെയും ആക്രമണത്തിന് മുതിർന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകുന്നതിനുള്ള തീരുമാനം ഗൗരി കൈക്കൊണ്ടത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഗൗരിയെ തനിക്ക് വിവാഹം കഴിപ്പിച്ചു നൽകാനാണ് പിതാവിനോട് ഗുണ്ടാ ശങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഓഡിയോ ക്ലിപ്പുകളും ലഭിച്ചതിനെ തുടർന്നാണ് ഗൗരി നന്ദന പ്രധാനമന്ത്രിക്ക് പരാതി നൽകാൻ തയ്യാറായത്. തിരുവനന്തപുരം ജില്ലയിൽ കയറാൻപോലും അനുവാദമില്ലാത്ത കാപ്പാ ചുമത്തിയിട്ടുള്ള ഗുണ്ടാ ശങ്കറും കൂട്ടാളികളും ചേർന്നാണ് തന്റെ മാതാപിതാക്കളെ ആക്രമിച്ചതെന്ന് ഗൗരി പറയുന്നു. ഗൗരിയുടെ മാതാപിതാക്കളെയാണ് ഗുണ്ടാ ശങ്കറിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞദിവസം തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിൽ വെച്ച് ആക്രമിച്ചത്.
ആക്രമണം നടത്തിയതിനെ തുടർന്ന് പേട്ട എസ് ഐ ഗോപകുമാർ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് അകത്തിടുകയും ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് നേരെ ഉയർന്ന ആക്രമണത്തെ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പോലീസ് ആക്രമണം മറച്ചു വെക്കുകയായിരുന്നു. പിറ്റേന്നുള്ള തീയതി വെച്ച് കൊണ്ടാണ് എഫ്ഐആർ വന്നത്. സംശയസ്‌പദമായ സാഹചര്യത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തു എന്നാണ് എഫ്ഐആറിൽ പോലീസ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ ആക്രമണം നടത്തിയ ഗുണ്ടകളെ നിരുപാധികം പോലീസ് വിട്ടയക്കുകയും ചെയ്തിരുന്നു. തന്റെ മാതാപിതാക്കൾക്ക് നേരെ ഗുണ്ടകൾ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോദിച്ചപ്പോൾ അതു കൈവശമില്ലെന്നാണ് പോലീസ് അറിയിച്ചത്.
തന്റെ മാതാപിതാക്കളെ ആക്രമിച്ച സംഭവത്തിൽ നീതി നിഷേധിച്ചുവെന്ന് കണ്ടതിനെ തുടർന്നാണ് ഗൗരി നന്ദന പ്രധാനമന്ത്രിയ്ക്ക് കത്ത് അയക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 13 വയസ്സ് മാത്രം പ്രായമുള്ള ഗൗരി നന്ദനയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിതാവിന് ഫോൺ ചെയ്തതിന്റെ ഓഡിയോ സംഭാഷണവും ഗൗരി മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്. ത്രില്ലെർ സിനിമകളെപോലും തോൽപ്പിക്കുന്ന തരത്തിലുള്ള റിയൽ സംഭവങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്ന് ഗൗരി നന്ദനയുടെ പിതാവ് സുജിത് കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.