Tuesday, January 14, 2025
-Advertisements-
KERALA NEWSകള്ളങ്ങൾ പൊളിയുന്നു :എഡിഎം നവീൻ ബാബുവിനെതിരെ ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല

കള്ളങ്ങൾ പൊളിയുന്നു :എഡിഎം നവീൻ ബാബുവിനെതിരെ ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല

chanakya news

എഡിഎം  നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ വാദം.എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ ടിവി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് CMO നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്ന് കാണിച്ച്‌ പ്രശാന്തൻ തെളിവ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ പരാതിക്കാരന്റെ പേരും ഒപ്പും ഉള്‍പ്പടെ പലതും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ പരാതി വ്യാജമായി തയ്യാറാക്കിയതാണെന്ന് വ്യക്തമായി. എന്നാല്‍ പരാതി നല്‍കിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രശാന്തൻ. ഒടുവില്‍ വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ മറുപടിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.

എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലാണ് അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടത്. ടിവി പ്രശാന്തന് വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയായിരുന്നു അഴിമതി ആരോപിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ പിപി ദിവ്യ, നവീൻ ബാബുവിനെ അപമാനിച്ച്‌ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. പൊലീസ് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.

 

കേസ് അന്വേഷിക്കുന്ന വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്നും പുറത്തു വന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയിരുന്നത്.

വിജിലന്‍സിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന് പ്രശാന്തിനും കഴിഞ്ഞില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്‍റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീൻ ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീൻ ബാബുവിനെ കാണാനെത്തിയത്.

ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബര്‍ പത്തിനാണ് വിജിലന്‍സിനെ അറിയിക്കുന്നത്. പ്രശാന്തിന്‍റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിൻ്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. വിജിലന്‍സ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോര്‍ട്ടും നല്‍കി. പ്രശാന്തിന്‍റെ മൊഴിയെടുത്ത കാര്യം നവീന്‍ ബാബുവിനോട് പറഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് അറിയിക്കുന്നു. പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലില്‍ പ്രശാന്തിനെതിരെ കേസെടുക്കാനും വകുപ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പിൽ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നലെയാണ് നവീൻ ബാബുവിൻ്റെ ആത്മഹത്യ. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.