അർജന്റീന ആരാധകർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി ; യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു

കൊച്ചി : എറണാകുളം കളമശേരിയിൽ അർജന്റീന ആരാധകർ തമ്മിൽ തല്ലി. നിരവധിപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അർജന്റീന ഫുട്‌ബോൾ താരങ്ങളുടെ പേരിൽ തുടങ്ങിയ വാക്പോരാണ് പിന്നീട് തമ്മിലടിയിൽ കലാശിച്ചത്. തമ്മിൽ തല്ലിനിടയിൽ പരിക്കേറ്റ അർജന്റീന ആരാധകന്റെ മൂക്കിന്റെ പാലം തകർന്നു.

ഇന്നലെ ഖത്തർ ഇക്വഡോർ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. അർജന്റീന ആരാധകർ താരങ്ങളുടെ പേരിൽ ചേരി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. ബാറിന് മുന്നിൽ വെച്ചാണ് ആദ്യം വാക്കേറ്റം ഉണ്ടായത് തുടർന്ന് ലോകകപ്പ് ആദ്യ മത്സരം ബിഗ് സ്‌ക്രീനിൽ കണ്ട ശേഷം ചേരി തിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. ഒരേ പ്രദേശത്ത് താമസിക്കുന്ന സുഹൃത്തുക്കളായ യുവാക്കളാണ് തമ്മിൽ തല്ലിയത്. അക്രമത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.