കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ പേരും കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളും ലോകം മുഴുവൻ വിളിച്ചു പറഞ്ഞിട്ട് നിങ്ങൾക്ക് എന്ത് സംതൃപ്തിയാണ് കിട്ടുന്നതെന്ന് ഡോ ഷംന അസീസ്

ത്രിശൂർ: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരോടും വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തുന്ന പ്രവാസികളോടും കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ പ്രതികരണവുമായി ഡോ ഷംന അസീസ്. കൊറോണ വൈറസ് പിടിപെടുന്നവരുടെ പേര് വിവരങ്ങളും കുടുംബങ്ങളെ കുറിച്ചുമുള്ള കാര്യങ്ങൾ ലോകം മുഴുവൻ അറിയിച്ചിട്ട് എന്ത് സംതൃപ്തിയാണ് കിട്ടുകയെന്നും ഡോ ഷംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഇത് സംബന്ധിച്ച് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

കോവിഡ്‌ പോസിറ്റീവ്‌ ആകുകയെന്നതിന്‌ ഒരു മഹാരോഗിയായെന്നോ മഹാപാതകം ചെയ്‌തെന്നോ അർത്‌ഥമില്ല. കോവിഡ്‌ പോസിറ്റീവ്‌ ആയവർ നിലവിൽ കേരളത്തിൽ ആശുപത്രിയിൽ തന്നെയാണുള്ളത്. അവരവിടെ സുരക്ഷിതരാണ്‌, പുറത്തേക്ക്‌ കാറ്റ്‌ കൊള്ളാൻ ഇറങ്ങി പോകൂല. അവരെക്കൊണ്ട്‌ നിങ്ങൾക്ക്‌ യാതൊരു ബുദ്ധിമുട്ടും വരില്ല. രോഗപ്പകർച്ചയുടെ സാധ്യത തടയുന്നതിന്‌ വേണ്ടിയാണ്‌ രാജ്യത്തിന്‌ പുറത്ത്‌ നിന്ന്‌ വന്നവരോടും സംസ്‌ഥാനത്തിന്‌ പുറത്ത്‌ നിന്ന്‌ വന്നവരോടും സമ്പർക്കത്തിലൂടെ രോഗം വരാൻ സാധ്യതയുള്ളവരോടും ക്വാറന്റീനിൽ ഇരിക്കാൻ പറയുന്നത്‌. ക്വാറന്റീൻ അഥവാ സമ്പർക്കവിലക്ക്‌ വല്ല്യ സുഖമുള്ള പരിപാടിയുമല്ല. പ്രത്യേകിച്ച്‌ താമസിക്കുന്ന വീട്ടിനകത്ത്‌ തന്നെ ദൂരം പാലിച്ച്‌ നെടുവീർപ്പിടുന്ന കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ. സങ്കടോം ബിപി കൂടലുമൊക്കെ ആർക്കായാലും വന്ന്‌ പോകും. നിങ്ങളുടെ നാട്ടിൽ ആരെങ്കിലും വീട്ടിൽ ക്വാറന്റീനിലോ പോസിറ്റീവായി ആശുപത്രിയിലോ ഉണ്ടെങ്കിൽ അവരുമായി ശാരീരിക അകലം പാലിക്കുന്നത്‌ തന്നെയാണ്‌ ശരി. അവരെ ഫോണിൽ വിളിച്ച്‌ സംസാരിക്കുന്നതും വല്ല സാധനങ്ങളോ സഹായങ്ങളോ ആവശ്യമുണ്ടെങ്കിൽ എത്തിച്ച്‌ കൊടുക്കുന്നതുമാണ്‌ ശരി. അവരെ ഒറ്റപ്പെടുത്തുന്നത്‌ എന്തിനാണ്‌? അകന്ന്‌ നിന്ന്‌ കൊണ്ട്‌ അടുക്കേണ്ട നേരമാണ്‌, മനശ്ശക്‌തി പകരേണ്ടവരാണ്‌ അയൽക്കാർ.

അല്ലാതെ, 108 ആംബുലൻസിൽ വരുന്നവരെ മുഴുവൻ വല്ല സാമൂഹ്യദ്രോഹികളെയും കാണുന്ന പോലെ കാണരുത്‌. കുടുംബം പോറ്റാൻ അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാൻ വിമാനം കേറിയവരും ഗർഭിണികളുമൊക്കെ ഉണ്ട്‌ കൂട്ടത്തിൽ. പ്രവാസിയുടെ പണം യഥേഷ്‌ടം കൈപ്പറ്റി പണിതത്‌ കൂടിയാണ്‌ നമ്മുടെ നാടിന്റെ നട്ടെല്ല്‌. അവരുടെ കാശിനോട്‌ ഈ അലർജിയൊന്നും കണ്ടിട്ടില്ലല്ലോ. ഇവരുടെ പേരും വിലാസവും ഫോട്ടോയുമടക്കം തത്തിക്കളിക്കുന്ന വാട്ട്‌സ്ആപ് ഗ്രൂപ്പുകൾ. ഇതൊക്കെ അയക്കുന്നവർക്ക്‌ കോവിഡ്‌ വരാത്തതിന്റെ അഹങ്കാരമാണോ? അതോ വെർതേ ഒരു മനസ്സുഖമോ? കൊറോണ വൈറസിന്‌ കയ്യേറാൻ പറ്റാത്ത വിശിഷ്‌ടദേഹമാണ്‌ നിങ്ങളുടേതെന്ന വല്ല ധാരണയും ഉണ്ടോ നിങ്ങൾക്ക്‌? എല്ലാവർക്കും കൊടുക്കേണ്ടത്‌ സമാധാനവും ബഹുമാനവുമാണ്‌. അന്യനാട്ടീന്ന്‌ ജോലി നഷ്‌ടപ്പെട്ടോ വിസ കഴിഞ്ഞോ രോഗിയായോ വിമാനത്തിൽ വന്നിറങ്ങീട്ട്‌ എല്ലാരും രണ്ട്‌ മീറ്റർ അപ്പുറം നിന്ന്‌ പേരിന്‌ മാത്രം മിണ്ടി ക്വാറന്റീനിൽ പറഞ്ഞ്‌ വിടുന്നതും പോരാഞ്ഞിട്ട്‌, പൊടിയടിച്ച്‌ തുമ്മിയാൽ പോലും കോവിഡാണോന്ന്‌ ആധി പിടിക്കുന്ന പ്രവാസികൾ !! പോസിറ്റീവ്‌ ആയവരുമായി സമ്പർക്കം കൊണ്ട്‌ ക്വാറന്റീനിൽ പോയവരുടെ മാനസികാവസ്‌ഥയാണേൽ അതിലും ദയനീയം.

ഇതിപ്പോൾ ഒന്നിലേറെ പേരായി ഈ ‘വാട്ട്‌സ്ആപ് ഫേക്ക്‌ മെസേജ്‌ സെലിബ്രിറ്റി സ്‌റ്റാറ്റസ്’ കാര്യം പറയുന്നു. കോവിഡ്‌ പോസിറ്റീവ്‌ ആയ ശേഷം രോഗം മാറി സുഖമായി തിരിച്ചു വരുന്നത്‌ വരെയുള്ളതിലും വലിയ പരീക്ഷണമാണ്‌ പല നാട്ടുകാരും ആ സാധുക്കൾക്ക്‌ പകരം നൽകുന്നത്‌. പരിസരപ്രദേശത്ത്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തെങ്കിൽ രോഗിയുടെ പേര്‌ പോലും പറയാതെ തന്നെ ആ വിവരം പരസ്‌പരം കൈമാറാം, ജാഗരൂഗരാകാൻ പറയാം. പേര്‌ പറഞ്ഞാൽ മാത്രം ഫലിക്കുന്ന വഴിപൊടൊന്നുമല്ലിത്‌. കാര്യം നടന്നാൽ മതി. അല്ലാതെ, അപ്പുറത്തെ വീട്ടിലുള്ളവരുടെ അഭിമാനവും സ്വകാര്യതയും ഹനിക്കാമെന്നല്ല. എന്തൊരു വേദനയുളവാക്കുന്ന, ദ്രോഹിക്കുന്ന വോയ്‌സുകളാണ്‌ വാട്ട്‌സ്ആപിൽ പറക്കുന്നത്‌. എങ്ങനെ സാധിക്കുന്നെന്നാണ്‌… നിങ്ങൾക്ക്‌ വേറെ പണിയില്ലെങ്കിൽ ബാക്കിയുള്ളോർടെ മൂർദ്ധാവിൽ അടിച്ചാണോ സായൂജ്യം തേടേണ്ടത്‌? യാതൊരു അടിസ്‌ഥാനവുമില്ലാതെ സ്വന്തം ഫോട്ടോയും തന്നെയും കുടുംബത്തെയും കുറിച്ചുള്ള’ അയിത്തം സൃഷ്‌ടിപ്പ്‌ മെസേജും’ വായിൽ തോന്നിയ പച്ചക്കള്ളവും നാട്ടിൽ വൈറലായാൽ അവനവന്റേയും കുടുംബത്തിന്റേയും വേദന എത്ര കാണുമെന്ന്‌ വെറുതേ ഒന്നാലോചിച്ച്‌ നോക്കുന്നത്‌ നല്ലതാ. കോവിഡ്‌ പോലും പൊള്ളി ചത്ത്‌ പോകുന്ന ജാതി വാട്ട്‌സ്ആപ് പരോപകാര കഥാകൃത്ത്‌ വിഷങ്ങൾ !!

അഭിപ്രായം രേഖപ്പെടുത്തു