രാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തുന്ന വേളയിൽ ആരാണ് കോത്തിരി സഹോദരന്മാരെന്ന് തീർച്ചയായും മനസ്സിലാക്കിയിരിക്കണം; സന്ദീപ് വചസ്പതിയുടെ കുറിപ്പ്

492 വർഷത്തെ കാത്തിരിപ്പും നിരവധി തലമുറകളുടെ ത്യാഗവുമാണ് നാളെ സഫലമാകാൻ പോകുന്നത്. രാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തുന്ന ഈ സമയത്ത് തീർച്ചയായും കോത്തിരി സഹോദരന്മാരെയും ഓർക്കണമെന്നും ആരാണ് കോത്തിരി സഹോദരന്മാരെന്നും ചൂണ്ടിക്കാണിച്ച് സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുകയാണ്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം….

“ചുടുകട്ടയുമായി പോകുന്നില്ലേ അയോധ്യക്ക്?.” ‘ഉമ്മ’യെന്നും ‘അത്താ’യെന്നും ബഹുമാനപൂർവ്വം അഞ്ചാം ക്ലാസുകാരൻ അഭിസംബോധന ചെയ്തിരുന്നവർ അന്ന് ചോദിച്ച ഈ ചോദ്യമാണ് രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഓർമ്മയിൽ തങ്ങി നിൽക്കുന്ന ആദ്യ അവഹേളനം. 1989 ലായിരുന്നു ഇത്. അന്ന് അതിന്‍റെ അർത്ഥം വലിയ രീതിയിൽ മനസിലായില്ലെങ്കിലും എന്തോ മോശപ്പെട്ട കാര്യമാണെന്ന് കരുതി നിശബ്ദതയും അവരോട് അകലവും പാലിച്ച നാളുകൾ. പിന്നെ എത്രയെത്ര പരിഹാസങ്ങൾ.

‘രാമരാമ പാടിയാൽ രാമരാജ്യമാവുമോ?’ എന്ന മുള്ളുവാക്ക്. ‘പള്ളി പൊളിച്ചവൻമാർ’ എന്ന കുറ്റപ്പെടുത്തൽ. ‘രാമായണം വായന നാളെ ഈ വീട്ടിൽ നടത്തിക്കോട്ടെ?’ എന്ന അഭ്യർത്ഥന പലപ്പോഴും നിരാകരിക്കപ്പെടുമ്പോഴുള്ള ഒറ്റപ്പെടൽ. അതിനിടയിൽ എപ്പോഴോ ആണ് ‘മന്ദിർ വഹീ ബനായേംഗേ; ചലോ അയോധ്യാ’ എന്നെഴുതിയ സ്റ്റിക്കറുമായി ജ്യേഷ്ഠൻ Harikrishnan Bharati ഏതോ ശിബിരം കഴിഞ്ഞ് എത്തുന്നത്. തടി അലമാരയുടെ കണ്ണാടിയിൽ ഇന്നും ആ സ്റ്റിക്കർ ഉണ്ട്. കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം അറിയാതെ പുതുക്കപ്പെടുന്ന പ്രതിജ്ഞയായി അത് മാറി. അപ്പോഴേക്കും കാര്യങ്ങൾ കറുപ്പും വെളുപ്പുമായി മനസിലാക്കിയിരുന്നു.അദ്വാനി, ജോഷി, എന്നിവർക്കപ്പുറം പരിചയപ്പെട്ട ചില പുതിയ പേരുകൾ. ഉമാഭാരതി, സ്വാധി ഋതംബര, വിനയ് കത്യാർ, ഗോവിന്ദാചാര്യ… മുലായംസിംഗ് യാദവ് എന്ന രാവണൻ തകർത്തെറിഞ്ഞ രാമസൈനികരുടെ ചിത്രങ്ങളുമായി ഇറങ്ങിയ കലണ്ടർ ഇന്നും മായാതെ കൺമുമ്പിലുണ്ട്.

സരയു നദിയിൽ നിന്ന് മുങ്ങിയെടുത്ത കർസേവകരുടെ അഴുകിയ ജഡങ്ങളുമായി നിൽക്കുന്ന സ്വയംസേവകർ,
കല്ലു കെട്ടി താഴ്ത്തപ്പെട്ട മൃതദേഹങ്ങൾ പലതും മീനുകൾ തിന്നു തുടങ്ങിയിരുന്നു…. സരയൂ നദിക്ക് കുറകേയുള്ള പാലത്തിൽ ചിതറി കിടക്കുന്ന ചെരുപ്പുകളം കല്ലുകളും, പൊലീസ് ലാത്തിച്ചാർജ്ജിൽ തലപിളർന്ന് ചോരയൊഴുക്കി നിൽക്കുന്ന അശോക് സിംഗാൾജി. വീടുകൾ തോറും ഈ കലണ്ടറുമായുള്ള സമ്പർക്കം…
അയോദ്ധ്യയിലെ കിരാത വാഴ്ച റെക്കോർഡ് ചെയ്ത വീഡിയോ കാസറ്റ്, വിസിആർ വാടകയ്ക്കെടുത്ത് പ്രദർശിപ്പിച്ചത്. അതുകണ്ട് പൊട്ടിക്കരഞ്ഞ അമ്മമാർ. സുരക്ഷാ വലയം ഭേദിച്ച് താഴികക്കുടത്തിന് മുകളിൽ ഭഗവ ഉയർത്തിയ രാം കോത്താരിയും ശരത് കോത്താരിയുമെന്ന കോത്താരി സഹോദരൻമാർ. കർസേവയ്ക്ക് പോയി പാതി വഴിയിൽ അറസ്റ്റിലായ ജ്യേഷ്ഠ സ്വയംസേവകരുടെ അനുഭവ വിവരണം അന്തം വിട്ട് കേട്ടിരുന്ന നാളുകൾ‌..

1998 ൽ വാജ്പേയ് സർക്കാർ അധികാരത്തിൽ വന്നിട്ടും സഫലീകൃതമാകാതെ പോയ സ്വപ്നത്തെച്ചൊല്ലി കലഹിച്ച സഹപ്രവർത്തകർ. കൂട്ടുകക്ഷി സർക്കാർ ആയതു കൊണ്ടാണ് ക്ഷേത്രം പണിയാത്തത് എന്ന് അവരെ പറഞ്ഞ് മനസിലാക്കാൻ നടത്തിയ ശ്രമങ്ങൾ.. നൂറ്റാണ്ടുകളുടെ- കൃത്യമായി പറഞ്ഞാൽ 492 വർഷത്തെ- കാത്തിരിപ്പും നിരവധി തലമുറകളുടെ ത്യാഗവും സഫലമാവുകയാണ്. രാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നു.
2020 ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നതോടെ സംഘം ഉയർത്തിയ മറ്റൊരു മുദ്രാവാക്യം കൂടി ന്യായമുള്ളതായിരുന്നുവെന്ന് തെളിയുകയാണ്. അതേ, പരിഹസിച്ചവരും ഇന്ന് തിരിച്ചറിയുന്നു,
രാമരാമ പാടിയാൽ രാമരാജ്യമാകുമെന്ന്. നാം വിളിച്ച മുദ്രാവാക്യം, ഒഴുക്കിയ വിയർപ്പ് ഇതൊന്നും പാഴായി പോകാതെ സ്വന്തം ജീവിത കാലത്ത് തന്നെ സഫലമാകുന്നത് കാണാനും ഒരു യോഗം വേണം. അതിന് നാം സ്വീകരിച്ച ആദർശം, വിശ്വസിക്കുന്ന പ്രസ്ഥാനം ഇവയൊക്കെ ഈശ്വരീയമായിരിക്കണം. “സംഘമാവണം എന്‍റെ ജീവിതം എന്തു ധന്യമിതിൽ പരം….”

അഭിപ്രായം രേഖപ്പെടുത്തു