ഗർഭിണികൾ ചെയ്യേണ്ടത് സർക്കസ്സ് അല്ല ; കോഹിലിയുടെയും അനുഷ്കയുടെയും പ്രവർത്തിയെ വിമർശിച്ച് ഡോക്ടർ

ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഗർഭിണിയായ ഭാര്യ അനുഷ്ക ശർമയെ തല കുത്തനെ നിർത്തി യോഗ ചെയ്യിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങളിൽ കൊണ്ടാണ് വൈറലായത്. എന്നാൽ ഇതിനു നേരിട്ട വിമർശനങ്ങളും നിരവധിയാണ്. ഗർഭിണിയായ ഒരാളെ തലകീഴായി നിർത്താൻ പാടില്ല എന്ന് അഭിപ്രായപ്പെട്ടു ഒരു കൂട്ടം ആൾക്കാർ ചിത്രത്തിന് താഴെ കമന്റുമായി വന്നിരുന്നു. കൊഹ്ലിയുടെയും അനുഷ്കയുടെയും ഈ പ്രവർത്തി അൽപ്പം കടന്നുപോയി എന്ന് അഭിപ്രായപെടുകയാണ് പ്രശസ്ത പീഡിയാട്രീഷൻ ആയ ഡോക്ടർ സൗമ്യ സരിൻ. തന്റെ ഫേസ്ബുക് പേജിലൂടെയാണ് സൗമ്യ ഇക്കാര്യം അറിയിച്ചത്. ഇത് ഒരു പൊതു അവബോധം നൽകാൻ കൂടി വേണ്ടിയാണു എന്ന് സൗമ്യ പറയുന്നു. ഇത്തരം അവസരങ്ങളിൽ ഇതുപോലുള്ള കടുപ്പമേറിയ കാര്യങ്ങൾ അല്ല ചെയ്യേണ്ടത് മറിച് സുഖപ്രസവത്തിനു സഹായകമാകുന്ന രീതിയിൽ ഉള്ള വ്യായാമങ്ങൾ ആണ് ചെയ്യേണ്ടത് എന്നും ഡോക്ടർ ഓർമപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

എനിക്കും കൊഹ്‍ലിയെയും അനുഷ്കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികൾ എന്ന നിലക്ക്! പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലർ ഇവർ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു.

ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമമുറകൾ ഗർഭകാലത് ഉപദേശിക്കുന്നില്ല. അതിനർത്ഥം ഗർഭിണികൾ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സർക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ പെൽവിക് ഫ്ലോർ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗർഭിണികൾ ആവശ്യമാണ് താനും!

പക്ഷെ ഇവർ ചെയ്യുന്ന തരം വ്യായാമങ്ങൾ ചെയ്താൽ ചിലപ്പോൾ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങൾ വേറെയും! സെലിബ്രിറ്റികളുടെ ജീവിതം കാമെറകൾക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോൾ ഇതെല്ലാം അപ്പടി പകർത്തി ജീവിക്കുന്ന പാവം ആരാധകർക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല.
ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തിൽ പകർത്തല്ലേ! പണി പാലും വെള്ളത്തിൽ കിട്ടും!
ജാഗ്രതൈ!
ഡോ സൗമ്യ സരിൻ