ഈ രാത്രിയിൽ എൻറെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എൻറെ മുതൽകൂട്ട് ; സജന ഷാജി പറയുന്നു

ബിരിയാണി വിറ്റ് ഉപജീവനം നടത്തുകയായിരുന്ന ട്രാൻസ്‌ജെൻഡർ സജ്നയെ സാമൂഹ്യവിരുദ്ധർ ആക്രമിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ആക്രമണത്തെ തുടർന്ന് കരഞ്ഞ് കൊണ്ട് ഫേസ്‌ബുക്ക് ലൈവിൽ വന്ന സജനയ്ക്ക് പിന്തുണയുമായി നിരവധിപേർ എത്തിയിരുന്നു. സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് പിന്നാലെ സജനയുടെ ബിരിയാണിക്കട അധികൃതർ ഇടപെട്ട് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടൻ ജയസൂര്യ സഹായവുമായി രംഗത്തെത്തുകയും പുതിയൊരു ബിരിയാണി കട തുടങ്ങുകയും ചെയ്തു. എന്നാൽ ലക്ഷങ്ങൾ മുടക്കിയ ഹോട്ടൽ ഇപ്പോൾ പൂട്ടേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സജ്ന. ഹോട്ടൽ നഷ്ടത്തിലാണ് ഓടുന്നതെന്നും, കടക്കെണിയിലാണെന്നും സജ്ന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.

ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാൽ ഒരുപക്ഷേ. എന്നെത്തന്നെ എനിക്ക് നഷ്ടമായി പോകുമോ എന്നൊരു പേടി യുടെ കുറച്ചു കാര്യങ്ങൾ ഒരു മറയുമില്ലാതെ തുറന്നെഴുതുന്നു ഞാൻ. നിങ്ങൾക്കെല്ലാവർക്കും അറിയാം ഒരു സംരംഭം ഒരു ഹോട്ടൽ ഞാൻ തുടങ്ങിയിരുന്നു. എല്ലാവരും കരുതിയത് കോടിക്കണക്കിന് പൈസകൾ സമ്പാദിച്ചു. സമ്പന്നതയുടെ നടുവിൽ ആർഭാട ജീവിതം നയിക്കുകയാണ് എന്നാണ് ചിന്തിച്ചിരുന്നത്.. ഈ സത്യം നിങ്ങൾ അറിയാതെ പോകരുത്. ഹോട്ടൽ തുടങ്ങുവാൻ ആകെ എനിക് ചിലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ.

ഇതിൽ ഞാൻ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാർ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തിൽ ഞാൻ പിന്നെയും സൂചിപ്പിക്കുന്നു. സർക്കാരിൻറെ കയ്യിൽ നിന്നും ഒരു ലോൺ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാൻ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാൾ എൻറെ ഹോട്ടൽ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്. ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം. ശരിക്കും ജീവിതം വഴി മുട്ടി എന്നു തന്നെ പറയാം. ഇതെല്ലാം പറഞ്ഞു ആരുടെയും കരുണ പിടിച്ചുപറ്റാൻ ഒന്നുമല്ല. എൻറെ യാഥാർത്ഥ്യം ഞാൻ പുറംലോകത്തെ അറിയിച്ചു എന്നു മാത്രം നിങ്ങൾക്ക് പരിഹസിക്കാം. വിമർശിക്കാം എന്തു വേണമെങ്കിലും പറയാം തകർച്ചയുടെ മുൾമുനയിൽ നിൽക്കുന്ന എനിക്ക്. എനിക്ക് ഇതിൽ കൂടുതൽ ദുഃഖം വേറെ എന്തു വേണം.

ഇതെല്ലാം പറഞ്ഞത് എല്ലാവരും ഈ സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്. ആരുടെയും മുന്നിൽ യാചനയുടെ കൈകൂപ്പാൻ അല്ല. എൻറെ മുന്നിൽ ഇനി ഒരേയൊരു മാർഗം മാത്രമേയുള്ളൂ. എൻറെ ശരീരം ഈ രാത്രിയിൽ ഞാൻ എനിക്ക് ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്. എറണാകുളത്ത് നിങ്ങൾ രാത്രിയിൽ പോകുമ്പോൾ എവിടെയെങ്കിലും വഴിയരികിൽ ഞാൻ നിൽക്കുന്നത് കണ്ടാൽ. എന്തുപറ്റി ചേച്ചി എന്ന് ചോദിച്ചത്. എൻറെ അടുത്ത് വരരുത്. എനിക്ക് നിങ്ങളെ ഒന്നും നേരിൽ കാണാനുള്ള ശക്തിയില്ല. ഈ രാത്രിയിൽ എൻറെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എൻറെ മുതൽകൂട്ട്. ഇന്ന് രാത്രിയിൽ എവിടെയെങ്കിലും എന്ന് നിങ്ങൾ കണ്ടാൽ. പരിഹസിക്കരുത് എന്നൊരു അപേക്ഷ മാത്രം ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം..