എന്റെ ജീവിതത്തിലെ വില്ലൻ ക്യാൻസർ ആണെങ്കിൽ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ മറ്റു പലതിനും ആയിരിക്കും ആ റോൾ

നന്ദുമഹാദേവ എന്ന പേര് അറിയാത്തവർ ചുരുക്കമായിരിക്കും ക്യാൻസർ എന്ന മഹാരോഗത്തെ മനശക്തി കൊണ്ട് അതിജീവിക്കാനും മറ്റു ക്യാൻസർ രോഗികൾക്ക് ഊർജ്ജവും പ്രചോദനവും നൽകുവാനും ശ്രമിക്കുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ. സോഷ്യൽ മീഡിയയിൽ തന്റെ രോഗത്തെ കുറിച്ചും മറ്റും കുറിപ്പുകൾ പങ്കു വയ്ക്കാറുണ്ട് നന്ദു. ഇത്തവണ നന്ദുവിന്റെ കുറിപ്പ് ഇങ്ങനെ

വെട്ടി മുറിച്ചിട്ടിട്ടും മുറികൂടി വന്നവന് വെട്ടുകത്തി കണ്ടാൽ ചിരിയല്ലേ വരുള്ളൂ. ഇന്നത്തോടെ ആറാമത്തെ കീമോ കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഈ രണ്ടാം മഹായുദ്ധത്തിൽ ഇനിയും മൂന്ന് കീമോ ബാക്കിയുണ്ട്. ഇനിയും സർജറിയും റേഡിയേഷനും ഒക്കെയുണ്ടാകും ചിലപ്പോൾ. ഈ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്ത അത്ഭുതമാണെനിക്ക്.

രണ്ട് വർഷം രണ്ട് മേജർ സർജറികൾ അതിശക്തമായ 12 കോഴ്സ് കീമോ അതും ലോകത്തിലെ ഏറ്റവും മാരകമായ കീമോ മരുന്നുകൾ. കണക്കില്ലാത്ത അത്രയും മോർഫിനും വേദന സംഹാരികളും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ എന്നെന്നേക്കുമായി എന്നെ വിട്ടുപോയി. ശ്വാസമില്ലാതെ പിടഞ്ഞ രാത്രികൾ മരിക്കുമെന്ന് ഡോക്ടർമാർ പലകുറി വിധിയെഴുതി. കയ്യിലുണ്ടായിരുന്നതും കടം മറിച്ചതും ഒക്കെ തീർന്നു വട്ടപൂജ്യമായി.

പക്ഷെ അത്ഭുതം അതല്ല ഈ നിമിഷവും എന്റെ രക്തമോ ശരീരത്തിന്റെ ഭാഗങ്ങളോ പരിശോധിച്ചു നോക്കിയാൽ സകലതും നോർമൽ ആയിരിക്കും.
നല്ലൊരു ജലദോഷം വന്നാൽ കുഴഞ്ഞു പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.

ഇനി ഇതിനെക്കാളേറെ സന്തോഷം തരുന്ന മറ്റൊരു കാര്യമുണ്ട് ഈ മരണം മുന്നിൽ കണ്ടുള്ള യുദ്ധത്തിനിടയിലും പല സാഹചര്യങ്ങൾ കാരണം നിരാശയുടെ പടുകുഴിയിലാണ്ട് വിഷമിച്ച ആയിരക്കണക്കിന് ചങ്കുകളേ എന്റെ അനുഭവങ്ങളിലൂടെ വാക്കുകളിലൂടെ ജീവിതത്തെ പൊരുതി നേടാനുള്ളതാണ് എന്ന് പഠിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. എത്രയോ പേരെ ആത്മഹത്യയിൽ നിന്ന് പോലും രക്ഷിക്കാൻ എന്റെ അക്ഷരങ്ങൾക്ക് കഴിഞ്ഞു. ഒറ്റപ്പെട്ടുപോയ എത്രയോ രോഗികൾക്ക് ആശ്വാസമേകാൻ കഴിഞ്ഞു. എന്റെ ജീവിതം ധന്യമാണ്ഇത് എന്റെ നിയോഗവും.

ഒരു തളികയിൽ ഒരു ലക്ഷം കോടി രൂപയും മറ്റൊരു തളികയിൽ ഇപ്പോഴുള്ള ആയുസ്സിന്റെ കൂടെ വെറും ഒരു ദിവസത്തിന്റെ അധികം ആയുസ്സും വച്ചു നീട്ടിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ടാമത്തെ തളിക തന്നെ ഞാൻ ആവശ്യപ്പെടും. അത്ര മനോഹരമാണ് ജീവിതം അത്രയ്ക്ക് വലിയ ഗിഫ്റ്റാണ് ജീവിതം. ഞാനൊരു അത്ഭുതമനുഷ്യൻ ആയത് കൊണ്ടല്ല ഇതൊക്കെ സാധ്യമായത്. ചങ്കുകൾ നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകളുടെ ശക്തി ഒരു തീ ഗോളമായി എന്റെ മുന്നിലുള്ള പ്രതിസന്ധികളെ എരിച്ചു കളയുകയായിരുന്നു. എന്നിൽ നിന്നും പറന്ന് പോയ ആത്മാവിനെ നിങ്ങൾ വീണ്ടും തിരികെ എന്നിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.

എന്റെ ജീവിതത്തിലെ വില്ലൻ ക്യാൻസർ ആണെങ്കിൽ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ മറ്റു പലതിനും ആയിരിക്കും ആ റോൾ. അത് എന്തു തന്നെയായായാലും മുണ്ടൊന്നു മുറുക്കി ഉടുത്തിട്ട് നിവർന്ന് നിന്ന് പറയണം. ഉള്ളിലെ തീ കൊണ്ട് ഉലയിലെ സ്വർണ്ണം ഉരുക്കാൻ പഠിച്ചവനെ ഊതി കെടുത്താൻ നോക്കണ്ട ട്ടോ ഊഞ്ഞാൽ പ്രായം കഴിഞ്ഞു വാ അപ്പൊ നോക്കാം. (അയ്യപ്പനും കോശിയും മുണ്ടൂർ മാടൻ bgm)

മരിച്ചു പോയാലും മ്മടെ തലയും നട്ടെല്ലും നിവർന്ന് തന്നെ നിൽക്കാൻ പാടുള്ളൂ അഥവാ ശിരസ്സ് കുനിയുന്നെങ്കിൽ അത് സർവ്വേശ്വരന്റെ സൃഷ്ടാവിന്റെ മുന്നിൽ മാത്രം. ആഹാ അന്തസ്സ്. പ്രാർത്ഥന ഇനീം must ആണ് ട്ടോ പ്രിയരേ ഇങ്ങളോടൊക്കെയുള്ള സ്നേഹം നിറഞ്ഞു തുളുമ്പുകയാണ് മനസ്സിൽ ❤️

NB : 21 ദിവസം എല്ലാരും വീട്ടിൽ തന്നെ ഇരിക്കണേ….
കൊറോണയെയും നമുക്ക് തുരത്തണം !!

അഭിപ്രായം രേഖപ്പെടുത്തു