പെരിയ ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ആയുർവേദ ചികിത്സ ; സിബിഐ കോടതി വിശദീകരണം തേടി

പെരിയ ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ആയുർവേദ ചികിത്സ. സിപിഐഎം ലോക്കൽ കമ്മറ്റി അംഗമായ കേസിലെ ഒന്നാം പ്രതി എ പീതാംബരനാണ് സെൻട്രൽ ജയിലിൽ ഉഴിച്ചിലും പിഴിച്ചിലും ഉൾപ്പടെയുള്ള ആയുർവേദ ചികിത്സ നൽകിയത്. കോടതിയുടെയോ സിബിഐ യുടെയോ അനുമതിയില്ലാതെയാണ് കൊലക്കേസ് പ്രതിക്ക് ചികിത്സ ലഭ്യമാക്കിയത്.

അതേസമയം പരിശോധനയ്ക്ക് എത്തിയ ഡോക്ടറുടെ നിർദേശപ്രകാരമാണ് ചികിത്സ ലഭ്യമാക്കിയതെന്ന് ജയിൽ അധികൃതർ പറയുന്നു. കൊലക്കേസ് പ്രതിക്ക് സുഖ ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് സിബിഐ കോടതി വിശദീകരണം തേടിയിരിക്കുകയാണ്. പുറം വേദനയെ തുടർന്നാണ് പീതാംബരന് ചികിത്സ ലഭ്യമാക്കിയത്.

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നാല്പത് ദിവസത്തോളമാണ് ചികിത്സ നൽകിയത്. കഴിഞ്ഞ മാസമാണ് പീതാംബരനെ സുഖ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ നിർദേശിച്ച പ്രകാരമാണ് ചികിത്സ നൽകിയതെന്നും അതല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നെന്നും ജയിൽ അധികൃതർ അറിയിച്ചു. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകിയതിന് പിന്നാലെയാണ് ജയിലിൽ കഴിയുന്ന പ്രതിക്ക് സുഖ ചികിത്സ നൽകിയത്.