ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നല്‍കി ബിജെപി. എംപിമാരെ കയ്യേറ്റം ചെയ്തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിന് പരാതി നല്‍കിയത്.
ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും ബൻസുരി സ്വരാജുമാണ് പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്ന് നാഗാലൻഡില്‍ നിന്നുള്ള വനിതാ എം പി ഫാംഗ് നോൻ കൊന്യാക് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്‍റേതെന്നും അവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കയ്യേറ്റം ചെയ്തെന്നും മന്ത്രി കിരണ്‍ റിജിജുവും ആരോപിച്ചു.