മമ്മുട്ടി താഴ്ന്ന ജാതിക്കാർക്കെതിരെ സിനിമ ചെയ്യാൻ നിർബന്ധിച്ചെന്ന പുഴു സംവിധാനം ചെയ്ത രതീനയുടെ ഭർത്താവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് മമ്മുട്ടി നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് മമ്മുട്ടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. ഇതിനിടെ മമ്മുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ.
മമ്മുട്ടി അഞ്ച് പതിറ്റാണ്ടിലേറെയായി നമുക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമായി ഉണ്ടെന്നും നായരായും,നമ്പൂതിരിയായും, നാടാരായും,ക്രിസ്ത്യാനിയും,മുസൽമാനുമായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അങ്ങനെയുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി നടക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവിശ്യമില്ലെന്ന് എഎൻ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തനിക്ക് വ്യക്തമായി അറിയാവുന്ന ആളാണ് മമ്മുട്ടിയെന്നും അയോദ്ധ്യ വിഷയത്തിനും ഗുജറാത്ത് കലാപത്തിനും ശേഷം കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ ബിജെപി യെയും സംഘപരിവാറിനെയും കരിമ്പട്ടികയിൽപെടുത്തി ആക്രമിച്ചിരുന്നകാലത്ത് ബഹുമാന്യനായ അദ്വാനിജിയുടെ ആത്മകഥ “My country My Life“ എറണാകുളത്ത് നടന്ന ചടങ്ങിൽ അദ്വാനിജിയുടെ സാനിധ്യത്തിൽ ഏറ്റുവാങ്ങി പ്രകാശനം ചെയ്യാൻ പ്രസ്തുതപരിപാടിയുടെ കൺവീനർ ആയിരുന്ന ഞാൻ പോയി ക്ഷണിച്ചപ്പോൾ യാതൊരു മടിയും കൂടാതെ രാഷ്ട്രീയ സാമുദായിക എതിർപ്പുകൾ വകവെക്കാതെ പങ്കെടുത്ത മമ്മൂട്ടി എന്ന കലാകാരൻ ഇന്ന് വാസ്തവവിരുദ്ധമായ ഒരു ആരോപണത്തിന്റെ പേരിൽ വിചാരണചെയ്യപെടുമ്പോൾ പിന്തുണക്കേണ്ടത് എന്റെ ബാധ്യതയാണ്.
അതിനു ആരെയും ഭയപ്പെടേണ്ട ആവശ്യം എനിക്ക് ഇല്ല.15 ആം വയസിൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അടിയന്തരാവസ്ഥ പോരാളിയായി കർമ്മപഥത്തിൽ ഇറങ്ങിയ ഞാൻ ഭാരതീയ ജനത പാർട്ടി രൂപീകരിക്കുന്നതിനും മുമ്പ് 19 ആം വയസിൽ അന്നത്തെ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കണ്ണൂർ ജില്ലയിലെ RSS പ്രചാരകനായിട്ടാണ് മുഖ്യധാരയിലെ എന്റെ രാഷ്ട്രസേവനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ എന്റെ ദേശ സ്നേഹവും രാഷ്ട്രീയ പ്രതിബദ്ധതയും സമാജത്തോടുള്ള കൂറും സമൂഹമാധ്യമത്തിലെ മുഖമില്ലാത്ത പോരാളികളുടെ വിചാരണക്ക് മുമ്പിൽ അടിയറവുവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എഎൻ രാധാകൃഷ്ണൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
English Summary : bjp leader support mammootty