ഒരറബി സിനിമയ്ക്കുള്ള സ്ക്രിപ്റ്റും ശരിയാക്കി വച്ചിരുന്നു, എല്ലാം തുടങ്ങും മുൻപേ തകിടം മറിഞ്ഞു; അനുഭവം പങ്കുവെച്ചു അലി അക്ബർ

സിനിമ ജീവിതത്തിലെ അനുഭവങ്ങൾ ഓരോന്നായി സംവിധായകൻ അലി അക്ബർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓരോ ദിവസവും പങ്കുവെയ്ക്കുകയാണ്. ഇത്തവണ കുവൈറ്റിൽ വെച്ച് പടം പിടിക്കാൻ തുടങ്ങിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവങ്ങളും ബുദ്ധിമുട്ടുകളുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സീൻ 13, കുവൈറ്റിലേക്ക് വിസയും ക്ഷണവും വന്നു… കുവൈറ്റിലെ ഒരു നല്ല ഹോട്ടലിലായിരുന്നു താമസം ബീച്ചിനു സമീപം… അറബികളെ പോയിക്കണ്ടു അവരുടെ വക നല്ലസ്വീകരണം. പക്ഷെ അതൊരു ദീർഘ യാത്രയായി പോയി… അവർക്കെന്തോ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, കുവൈത്തിൽ മാത്രമല്ല അറബ് ലോകത്തുമുഴുവൻ ആ സീരിയൽ ഓടിയിരുന്നു.. പലയിടത്തു നിന്നും പണം വരാനുണ്ട്… അവിടെ ഒരു സ്റ്റുഡിയോ തുടങ്ങിയാലോ എന്ന ആലോചന വന്നു… അറബികളിലൊരാൾ പണ്ട് സ്റ്റുഡിയോ നടത്തിയിരുന്നു ആ സ്‌പേസ് തരാമെന്നു പറഞ്ഞു… നോക്കാമെന്നു തോന്നി… അവർ കുറെ പണം തന്നു അതുമായി തിരിച്ചെത്തി… ബോംബെയിൽ പോയി അത്യാവശ്യം ലൈറ്റുകൾ കുവൈറ്റിലേക്കയച്ചു… യാസർ എന്ന അറബി വിസ തന്നു… നാട്ടിൽ നിന്നും അറബി അറിയുന്ന ഒരാളെ അയൂബ് തന്നെ സഹായിയായി തന്നു അയാൾക്കും വിസയെടുത്തു ഞങ്ങൾ കുവൈത്തിലേക്ക്… അൽപ്പം കൂടി പണം വേണം ആ ഘട്ടത്തിലാണ് ചെന്നൈയിലുള്ള ഒരു മലയാളി മുഹമ്മദ്‌ ഒന്നൊന്നര പണി തന്നത്… ഇൻവെസ്റ്റ്‌ ചെയ്യാമെന്ന് പറഞ്ഞത് കൂടാതെ, അടുത്തയാഴ്ച്ച ഞാനെത്തും ഒരു ഓഫീസ് വാടകക്കെടുത്തോളൂ.. എന്ന് പറഞ്ഞത് കാരണം അതും എടുത്തു… അയാൾ വന്നില്ല… 350 ദിനാറുള്ള ഓഫീസിനു മാസങ്ങലോളം വാടക കൊടുക്കേണ്ടി വന്നു.

അതിനിടയിൽ ഒരറബി സിനിമയ്ക്കുള്ള സ്ക്രിപ്റ്റും ശരിയാക്കി വച്ചിരുന്നു.. എല്ലാം തുടങ്ങും മുൻപേ തകിടം മറിഞ്ഞു, കൂടെ വന്ന റിയാസിനോട് വേറെ തൊഴിൽ നോക്കിക്കോളാൻ പറഞ്ഞു, വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റ് വിട്ട് ബാച്ചിലേഴ്സിന്റെ കൂടെ താമസമായി, ട്രാൻസ്‌പോർട്ടേഷൻ നടത്തുന്ന സുരേഷ്, ജ്യോതി, തുടങ്ങി കുറേപ്പേർ… അങ്ങിനെ നിൽക്കുമ്പോഴാണ് 550പേർക്കുള്ള ഒരു മെസ്സ് നടത്താൻ അവസരം വരുന്നത് 1500ദിനാർ ശമ്പളം ഉള്ളയാൾക്ക് മാത്രമേ കോൺട്രാക്ട് കിട്ടുമായിരുന്നുള്ളു. എന്റെ വിസയിൽ അത്രയും ഉണ്ടായിരുന്നു…4 പേർ ചേർന്ന് മെസ്സ് ഏറ്റെടുത്തു ബോർഡറിലായിരുന്നു ക്യാമ്പ്.. രണ്ടു ദിവസം കൂടുമ്പോൾ പച്ചക്കറിയും മീനും ഗ്യാസും എത്തിച്ചാൽ മതി.. പണിക്കാരായി വിസയില്ലാത്ത കുറേപ്പേരെ കിട്ടി… ക്യാമ്പിൽ അങ്ങിനെ ചെക്കിങ് ഒന്നുമുണ്ടായിരുന്നില്ല.. കൃത്യമായി കാര്യങ്ങൾ നോക്കി.. സിനിമാക്കാരനായി വന്നവൻ മെസ്സുകാരനായി.. മെസ്സിൽ കൃത്യമായി സാമഗ്രികൾ എത്തിക്കുന്ന ഒരു പണിയെ ഉള്ളു 15 ദിവസം കൂടുമ്പോൾ പേയ്‌മെന്റ് കിട്ടും…

ആയിടയ്ക്ക് ഒന്ന് നാട്ടിൽ വരേണ്ടി വന്നു… സുരേഷിനെ കാര്യങ്ങൾ ഏല്പിച്ചിട്ടാണ് വന്നത് തിരികെ എത്തിയപ്പോൾ 4 പേരിൽ തുടങ്ങിയ മെസ്സ് ഒരാളിലെത്തിയിരിക്കുന്നു… കണക്കു നോക്കുമ്പോൾ ലാഭം… കണക്കു പറയുമ്പോൾ നഷ്ടം..ആ ഒരാൾ… ശരി എന്റെ മുതൽ മുടക്ക് തന്ന് നീ ഒറ്റയ്ക്ക് നടത്തിക്കോ…. മുതൽ മുടക്കു തിരികെ വാങ്ങി… വിട്ടീൽ നിന്നും ഭാര്യയുടെ വിളി… കുട്ടികൾക്ക് ഉന്നത വിദ്യാഭ്യസത്തിനുള്ള കാലമായി… ഇനി അവിടെ നിൽക്കേണ്ട… ലക്ഷങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി… കയ്യിലുണ്ടായിരുന്ന ക്യാമറയും സാധനങ്ങളും ചില മലയാളികൾ വാങ്ങി, പണം അയച്ചുതരാം എന്ന് പറഞ്ഞു വലിപ്പിച്ചു… തിരിച്ചു നാട്ടിലേക്ക്… ഗൾഫിലെ ജീവിതം ഒന്ന് കുത്തിക്കുറിച്ചു എന്നേയുള്ളു… പുസ്തകം എഴുതുമ്പോൾ വിവരിച്ചെഴുതാം… റിയാസ് ഇന്നും കുവൈത്തിൽ ഉണ്ട്, അയൂബ് വലിയ സൂപ്പർമാർക്കറ്റുകൾ ജിസിസി യിലും ഇന്ത്യയിലും നടത്തുന്നു… അയൂബിന്റ ഭാഷയിൽ അക്ബർക്കാക്ക് ജീവിക്കാനറിയില്ല, ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു രാഷ്ട്രീയത്തിലെങ്കിലും വല്ലതും ആവൂ…. എന്റെ ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

അവിടെയും ഞാൻ ഒന്നുമാവില്ല… ഒരാൾക്ക് അയാളാവാനേ കഴിയൂ… ഗൾഫിലെ രണ്ടുവർഷത്തെ ജീവിതം… കുറെ അനുഭവങ്ങളെ തന്നു അത് ഫേസ്ബുക്കിൽ കുറിക്കാവുന്നതല്ല… പറ്റിച്ചത് അറബിയല്ല മലയാളി തന്നെയാണ്… ഓരോ അനുഭവങ്ങളും കേവലം പാഠങ്ങൾ മാത്രമല്ല.. ചൂണ്ടു പലകകൾ കൂടിയാണ് ഒരുവൻ എത്തിപ്പെടേണ്ട ഇടത്തേക്കുള്ള ചൂണ്ടു പലകകൾ…വഴികൾക്കിടയിൽ എവിടെയെങ്കിലും ഒരു വിജയി ആയി മാറിയിരുന്നെങ്കിൽ എന്റെ കൃഷ്ണനെ എനിക്ക് കിട്ടില്ലായിരുന്നു… ആയിരക്കണക്കിന് ശ്രോതാക്കളെ എനിക്ക് കിട്ടില്ലായിരുന്നു… ഈ ദേശത്തിന്റെ മഹിമ വിളംബരം ചെയ്യുവാൻ എനിക്കാവില്ലായിരുന്നു…
എന്തിന് ഞാനീ കോറിയിടുന്ന വാക്കുകൾ നിങ്ങൾക്ക് വായിക്കാനാവില്ലായിരുന്നു… ചില കാര്യങ്ങൾ അത്ഭുതമാണ്.. അത്തരത്തിൽ ഒന്നാണ് തിരുവനന്തപുരം വിട്ടു പോരാൻ നേരത്ത് ഒരാഗ്രഹം ഉണ്ടായിരുന്നു…
ശ്രീകണ്ഡേശ്വരം ക്ഷേത്രത്തിൽ ഒന്ന് തൊഴണമെന്ന്.. അവിടെയാണെങ്കിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല താനും… ഒരു ദിവസം അതിരാവിലെ രണ്ടും കല്പിച്ചു നേരെ അമ്പലത്തിന്റെ ഓഫീസിൽ പോയി ഞാനിന്ന ആളാണ് ഭഗവാനെ ഒന്ന് തൊഴാൻ പറ്റുമോ എന്ന് ചോദിച്ചു… അവിടെ ഉണ്ടായിരുന്ന ഒരാൾ ഒന്നും പറയാതെ എന്നെയും കൂട്ടി ഭഗവാന്റെ മുൻപിൽ കൊണ്ടുപോയി അർച്ചന നടത്തി പ്രസാദം തന്നു പുറത്തുകൊണ്ടു പോയി വിട്ടു.. എനിക്കിപ്പോഴും അറിയില്ല ആരായിരുന്നുവെന്ന്.. ഒരു ദിവസം ഗുരുവായൂരിൽ പോണം… കണ്ണനെ കാണണം… അതും നടക്കുമായിരിക്കും…