ഒറ്റവലിക്ക് കുടിക്ക് എന്ന് പറഞ്ഞ് ലാലേട്ടൻ ഒഴിച്ച് തന്നു ; മോഹൻലാലുമായുള്ള അനുഭവം തുറന്ന് പറഞ്ഞ് വിനീത്

തനി നാടൻ ശൈലിയിലുള്ള വേഷങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആളാണ് നടൻ വിനീത്. യുവജനോത്സവ വേദികളിൽ നിന്നാണ് താരം സിനിമയിലെത്തിയത്. അഭിനയത്തോടൊപ്പം നല്ല ഒരു നർത്തകൻ കൂടിയാണ് വിനീത്. മലയാളത്തിലെ എക്കാലത്തെയും നമ്പർ വൺ പ്രണയജോഡികളായ സോളമന്റെയും സോഫിയയുടെയും കഥപറഞ്ഞ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ആയിരുന്നു. സിനിമയിൽ ഉണ്ടായിരുന്ന ഒരു സീൻ ഷൂട്ട് ചെയ്തതിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിൽ താരം പറഞ്ഞിരുന്നു. ആ വിഡിയോയാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താൻ ആദ്യമായി മദ്യം കഴിച്ചതിനെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലുമൊന്നിച്ച് അഭിനയിക്കുമ്പോൾ തനിക്കു വിറയൽ വരാറുണ്ടായിരുന്നു. ചിത്രത്തിൽ ബിയർ കഴിക്കുന്ന രംഗം ഉണ്ടായിരുന്നു. പത്മരാജൻ സാറിന്റെ നിർദ്ദേശപ്രകാരം ഒറിജിനൽ ബിയർ തന്നെയാണ് അന്ന് കഴിച്ചത്. ഒറ്റയടിക്ക് കഴിക്കണം എന്നും പറഞ്ഞിരുന്നു. ലാലേട്ടൻ തന്നെയാണ് ബിയർ ഒഴിച്ച് തന്നത്. ജീവിതത്തിലാദ്യമായി കഴിക്കുന്നത് കൊണ്ട് സിനിമയ്ക്ക് വേണ്ട എല്ലാ എക്സ്പ്രെഷനും തന്റെ മുഖത്ത് ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ രണ്ടാമതൊരു ടേക്ക് എടുക്കേണ്ട ആവശ്യം വന്നിരുന്നില്ല. സ്വാഭാവികമായ അഭിനയത്തോടെ ആ സീൻ ഷൂട്ട്‌ ചെയ്തു. അങ്ങനെ മദ്യപാനത്തിന്റെ ആ അരങ്ങേറ്റവും ലാലേട്ടനോടൊപ്പമായി എന്നും താരം കൂട്ടിച്ചേർത്തു.