ഉണ്ണിമേരിയുടെ ശരീരം മാത്രമായിരുന്നു മലയാള സിനിമ ചൂഷണം ചെയ്തത് ; ഉണ്ണിമേരിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറൽ

എഴുപതുകളുടെ കാലഘട്ടത്തിൽ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടി ഉണ്ണിമേരി. ഗ്ലാമർ വേഷങ്ങളിലാണ് താരം അധികവും തിളങ്ങിയിരുന്നത്. തന്റെ ആറാം വയസിൽ അഭിനയം ആരംഭിച്ച താരം ഏകദേശം മുന്നൂറോളം സിനിമകൾ ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിലെ മുൻനിര നായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും താരം തിളങ്ങിയിരുന്നു. അന്യഭാഷാ സിനിമകളിൽ ദീപ എന്ന പേരിലായിരുന്നു ഉണ്ണിമേരി അറിയപ്പെട്ടിരുന്നത്. ഉണ്ണിമേരി എന്ന നായികയെക്കുറിച്ച് ഒരു രാജേഷ് കുമാർ എന്ന യുവാവ് എഴുതിയ കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

#അതേഉണ്ണിമേരിതന്നെ!
ഏറെക്കാലത്തിനു ശേഷമാണ് നടി ഉണ്ണിമേരിയെ ഒരു വേദിയിൽ കാണുന്നത്..#നിത്യഹരിതം പുസ്തക പ്രകാശനത്തിന് ഇവരും എത്തുമെന്നറിഞ്ഞപ്പോൾ ആകാംക്ഷയായിരുന്നു..ഇരുപത്തിയഞ്ചു വർഷത്തിലേറെയായി അവർ സിനിമ വിട്ടു പോയിട്ട്..പിന്നീട് ഇടയ്ക്കെപ്പോഴോ ചില കുടുംബചിത്രങ്ങൾ മാത്രം എവിടെയൊക്കെയോ കണ്ടു. നേരത്തെ അറിയാത്തതുകൊണ്ട് പരിചയപ്പെടാനൊന്നും തുനിഞ്ഞില്ല..എങ്കിലും പലപ്പോഴും വേദിയിലെ സദസ്സിൽ അരികെ തന്നെയായിരുന്നു ..സിനിമയിൽ ഒടുവിൽ കാണുമ്പോഴുള്ള രൂപത്തിൽ നിന്നും കുറെ Slim ആയിരിക്കുന്നു..പഴയ ഊർജ്ജ്വസ്വലതയൊക്ക കാണാനില്ല..സംസാരത്തിലും സിനിമയിൽ കാണുന്ന ചടുലതയില്ല..ഒരു പാവം ഉണ്ണിമേരി!അല്ലെങ്കിൽ ഒരു സാദാ കുടുംബിനിയെങ്ങനെയോ അതുപോലെ! ആൾക്കൂട്ടത്തിൽ തനിയെ,തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം,കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം,കൃഷ്ണാ ഗുരുവായൂരപ്പാ..,സംഭവാമി യുഗേ യുഗേ,കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും മനസ്സിൽ മിന്നി മറഞ്ഞു.

തമിഴ് ചിത്രങ്ങളായ ജോണി,ഉല്ലാസപ്പറവകൾ,മീണ്ടും കോകില,മുന്താണൈ മുടിച്ച് ഇവയും..കൂട്ടത്തിൽ എനിക്കവരെ ഏറ്റവും ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ്..എന്ത് സുന്ദരിയായിരുന്നു അവർ! തമിഴകത്തിനും തെലുങ്കകത്തിനും ‘ദീപ’ ആയിരുന്നു ഇവർ. എന്നിട്ടും മലയാള സിനിമ, ഉണ്ണിമേരിയിലെ നടിയെക്കാൾ അവരുടെ ശരീര സൗന്ദര്യത്തെയാണ് ചൂഷണം ചെയ്തത്.അവരിലെ നടിയോട് അൽപ്പമെങ്കിലും നീതി കാട്ടിയ സംവിധായകന്‍ അന്തരിച്ച സംവിധായകന്‍ പി.പത്മരാജനാണ്..ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമാണ് ഉണ്ണിമേരിയെന്ന ദീപ

അഭിപ്രായം രേഖപ്പെടുത്തു