മൂന്ന് വർഷമായി ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചാൻസ് ചോദിച്ച് കമന്റിട്ട് റംസി

സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ചിലർ അതിന് വേണ്ടി എല്ലാ വഴികളും തേടിക്കൊണ്ടിരിക്കും. ചിലർ ചാൻസ് ചോദിച്ച് മടുത്ത് മറ്റു മേഖലയിലേക്ക് തിരിഞ്ഞിട്ടുമുണ്ടാവാം എന്നാൽ വ്യത്യസ്തമായൊരു ചാൻസ് ചോദിക്കൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ജയസൂര്യയുടെ കടുത്ത ആരാധകനായ കൊച്ചി സ്വദേശി റംസിയുടെ കമന്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് വർഷമായി റംസി ജയസൂര്യയുടെ ഓരോ ഫേസ്‌ബുക്ക് പോസ്റ്റിലും ചാൻസ് തരുമോ ജയേട്ടാ എന്ന ചോദ്യവുമായി നടക്കുകയാണ്. നിരവധി തവണ മെസേജ് അയച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല അതിന് ശേഷമാണ് ജയസൂര്യയുടെ പോസ്റ്റുകളിൽ ചാൻസ് ചോദിച്ചുള്ള കമന്റ് ഇടാൻ തുടങ്ങിയതെന്ന് റംസി പറയുന്നു.

എന്നാൽ സ്ഥിരമായി കമന്റിടുന്ന റംസിയെ ജയസൂര്യ ശ്രദ്ധിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ റംസിക്ക് പുറമെ മറ്റുള്ളവരും റംസിക്ക് അവസരം നൽകണേ എന്ന് കമന്റ് ഇടാൻ തുടങ്ങിയിരിക്കുകയാണ്.

ജയസൂര്യയുടെ എല്ലാ ചിത്രങ്ങളും ആദ്യ ദിവസം തന്നെ കാണുന്ന റംസി ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റായി പങ്കുവെയ്കാറുമുണ്ട്. ഓട്ടോ റിക്ഷ ഡ്രൈവറായ റംസി എന്നെങ്കിലും തന്റെ കമന്റ് ജയസൂര്യ കാണുമെന്നും സിനിമയിൽ അവസരം ലഭിക്കുമെന്നും കരുതി കാത്തിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു