അവാർഡ് ദാന ചടങ്ങ് ; മുഖ്യമന്ത്രി ചെയ്തത് മോശമായിപ്പോയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിയത് വിവാദമാകുന്നു. കോവിഡിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് അവാർഡ് നേരിട്ട് നൽകാതെ മേശപ്പുറത്ത് വയ്ക്കുകയും അവാർഡ് ജേതാക്കൾ അവാർഡ് അവിടെ നിന്നും എടുക്കുകയുമായിരുന്നു. നിരവധിയാളുകൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ അവാർഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയി എന്ന് അഡ്വ. ഹരീഷ് വാസുദേവൻ പ്രതികരിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഹരീഷ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി എത്തിയത്.

കോവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എന്നാൽ ഒരു കാര്യം പറയാതെ വയ്യ.സിനിമാ അവാർഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയി. കോവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കിൽ യുക്തിരഹിതമാണ്. ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസർ ഉപയോഗിച്ചാൽ തീരാത്ത പ്രശ്നമാണോ ഇത്? കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ. പിന്നെ ആരാണീ ഉപദേശം സർക്കാരിന് നൽകിയത്?

പൊതുസ്ഥലത്ത് വ്യക്തികൾ 6 അടി വിട്ടുമാത്രമേ നിൽക്കാവൂ എന്നാണ് നിയമം. ആ നിയമം പരസ്യമായി തെറ്റിച്ചാണ് ഈ നിയമം നടപ്പാക്കേണ്ടവരെല്ലാം പെരുമാറുന്നത് എന്നു കാണാം. പിന്നെന്തിനായിരുന്നു ഈ പ്രഹസനം? ഇത് ഒഴിവാക്കാമായിരുന്നു. ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ?