മോഹൻലാലിനെ വെറുപ്പായിരുന്നു പക്ഷെ അത് കണ്ടതിന് ശേഷം വെറുപ്പ് മാറി ഇഷ്ടം തോന്നി ; മോഹൻലാലിനെ കുറിച്ച് സുചിത്ര

മലയാളത്തിന്റെ പ്രിയ താരം എന്നതിലുപരി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവും കൂടിയാണ് മോഹൻലാൽ. തന്റെ സിനിമാ ജീവിതത്തിൽ മറ്റൊരു ചുവടുവെയ്പ്പ് നടത്തുകയാണ് ഇപ്പോൾ മോഹൻലാൽ. സ്വന്തമായി സിനിമ സംവിധാനം ചെയ്യുകയെന്ന സ്വപ്നം യഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. ആദ്യ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ബറോസിന്റെ പൂജ വേളയിൽ മോഹൻലാലിൻറെ ഭാര്യ സുചിത്ര മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ആന്റണി പെരുമ്പാവൂർ തന്നോട് പൂജ ദിവസം സ്റ്റേജിൽ സംസാരിക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഞാൻ എല്ലാ പരിപാടിയിലും പങ്കെടുക്കുമെങ്കിലും സ്റ്റേജിൽ കയറി സംസാരിക്കാറില്ല. പക്ഷെ മകൻ സിനിമയിലെത്തിയപ്പോൾ ആദ്യമായി താൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചു. അവന്റെ ആദ്യ സിനിമയായത് കൊണ്ടാണ് അന്ന് സംസാരിച്ചത്. അത് പോലെ തന്നെയാണ് ഇപ്പോഴും ഏട്ടൻ ആദ്യമായി സംവിധായകനാവുകയാണ് അതിനാലാണ് സ്റ്റേജിൽ കയറി സംസാരിക്കുന്നത്. സുചിത്ര പറഞ്ഞു.

ഏട്ടനെ ആദ്യം തനിക്ക് ഇഷ്ടമായിരുന്നില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ ഇറങ്ങിയപ്പോൾ ഏട്ടൻ വില്ലനായിരുന്നു. അത് കൂടാതെ നിരവധി സിനിമകളിൽ ഏട്ടൻ ക്രൂരനായ കഥാപാത്രങ്ങൾ ആയിരുന്നു ചെയ്തിരുന്നത്. വില്ലൻ കഥാപാത്രങ്ങൾ ചെയ്തത് കൊണ്ടാവാം അക്കാലത്ത് ഏട്ടനെ തീരെ ഇഷ്ടമല്ലായിരുന്നു. എന്നാൽ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന സിനിമ കണ്ടതോടെ ഏട്ടനോട് ഉള്ള വെറുപ്പ് മാറി ഇഷ്ടമായി. ആ ഇഷ്ടം പിന്നെ പ്രണയത്തിലും വിവാഹത്തിലും എത്തി എന്ന് സുചിത്ര പറഞ്ഞു.