വോട്ടഭ്യർത്ഥനയുമായി എത്തിയ സിനിമാ താരത്തെ കണ്ട് ഞെട്ടി വോട്ടർമാർ

ആലപ്പുഴ : സിനിമയിലും സീരിയലിലും സജീവമായ താരമാണ് പ്രിയങ്ക അനൂപ്. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരം അരൂർ മണ്ഡലത്തിൽ നിന്നും ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പ്രതിനിധിയായി തെരെഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയാണ്. മിനി സ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും താരത്തെ കണ്ടിട്ടുണ്ടെങ്കിലും അധികമാർക്കും താരത്തിന്റെ പേര് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം വോട്ടഭ്യർത്ഥിച്ച് അരൂർ മേഖലകളിലെ വ്യാപാര സ്ഥാപങ്ങളിൽ എത്തിയപ്പോഴാണ് താരം മത്സരിക്കുന്നതായി ആളുകൾ അറിയുന്നത്. ടെലിവിഷൻ ചിഹ്നത്തിലാണ് പ്രിയങ്ക അനൂപ് ജനവിധി തേടുന്നത്.

അംബിക എന്നാണ് പ്രിയങ്കയുടെ യഥാർത്ഥ പേര്. അതിനാൽ തന്നെ അംബിക എന്ന പേരിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം പ്രിയങ്ക അനൂപ് നായർ എന്ന പേരിലാണ് പോസ്റ്ററുകളും ചുവരെഴുത്തുകളും പതിച്ചിട്ടുള്ളത്. ഇന്നലെമുതലാണ് താരം പ്രചാരണ രംഗത്ത് സജീവമായത്. അടുത്ത പത്ത് ദിവസത്തോളം പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും താരം പറയുന്നു.

തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു. പിന്നീട് സീരിയലിലും പ്രിയങ്ക തന്റെ കഴിവ് തെളിയിച്ചു. കോമഡി വേഷങ്ങളിൽ തിളങ്ങുന്ന പ്രിയങ്ക നിർമ്മാതാവും സംവിധായകനുമായ അനൂപ് നായരെയാണ് വിവാഹം കഴിച്ചത്.