42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്. സ്നേഹം കൊണ്ട് മുറിവേറ്റവളാണ്. പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ് ; മഞ്ജു വാര്യരെ കുറിച്ച് വൈറൽ കുറിപ്പ്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖത്തിന്റെ കാര്യങ്ങൾ അറിയിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിന് എത്തിയ മഞ്ജുവിനെ കണ്ട് ആരാധകർ ഞെട്ടി എന്ന് വേണമെങ്കിൽ പറയാം. ഈ വയസിലും ഇത്രയും സൗന്ദര്യത്തോടെ എങ്ങനെ എന്നാണ് ആരധകർ ചോദിക്കുന്നത്. മുപ്പതാം വയസിൽ ജീവീതം റീ സ്റ്റാർട്ട് ചെയ്ത മഞ്ജുവിനെ കുറിച്ച് റംസി റംസിൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. നിരവധി സിനിമ സീരിയൽ താരങ്ങൾ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.

42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്. സ്നേഹം കൊണ്ട് മുറിവേറ്റവളാണ്. പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളിൽ പൂജ്യത്തിൽ നിന്നും ജീവിതം റീസ്റ്റാർട്ട് ചെയ്തവളാണ് ..ജീവിതം തോൽപ്പിക്കാൻ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്…അഭിമാനമാണ്. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നൽകിയ ആശ്വാസം കുറച്ചൊന്നുമല്ല. വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂർത്തിയാവും മുന്നേ ഭാര്യയായി അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാൻ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാൽപതുകളിലുമുള്ള പെണ്ണുങ്ങളോടാണ്.

നോക്കൂ പെണ്ണുങ്ങളേ. ഇപ്പോഴും വൈകിയിട്ടില്ല. എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക. വിദൂരവിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാൻ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയിൽ ആണെങ്കിൽ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക. അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിക്കുക…

എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നിൽക്കാൻ കെല്പുള്ളവളാവുക…..നല്ല ഭക്ഷണങ്ങൾ കഴിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും യാത്രകൾ ചെയ്തും കളർഫുൾ ആയിട്ടങ്ങ് ജീവിക്കുക…സന്തോഷമായിരിക്കുക