തനിക്ക് രാഷ്ട്രീയമില്ല, സൈക്കിളിൽ വന്നത് പ്രതിഷേധമല്ലെന്ന് തമിഴ് നടൻ വിജയ്

ചെന്നൈ : തമിഴ് ചലച്ചിത്രതാരം വിജയ് തെരെഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ സൈക്കിളിൽ എത്തിയത് വൈറലായിരുന്നു. സൈക്കിളിൽ വരുന്ന വിജയിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പെട്രോൾ വില വർദ്ധനവിനെതിരെയുള്ള പ്രതിഷേധമായാണ് ആളുകൾ വിജയിയുടെ സൈക്കിൾ സവാരിയെ ഉയർത്തി കാട്ടിയത്. എന്നാൽ താൻ സൈക്കിളിൽ വന്നത് ഒരു തരത്തിലുള്ള പ്രതിഷേധവും അല്ലെന്ന് വിജയ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വീടിന്റെ തൊട്ടടുത്താണ് പോളിംഗ് ബൂത്ത് എന്നും വാഹനവുമായി എത്തിയാലുള്ള തിരക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിജയ് പറഞ്ഞു. തൊട്ടടുത്തുള്ള ബൂത്തിലേക്ക് കാറുമായി വന്നാൽ ബ്ലോക്ക് ഉണ്ടാകുമെന്ന് കരുതിയാണ് സൈക്കിളിൽ വന്നതെന്നും വിജയ് പ്രതികരിച്ചു.

വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് ഇന്ധന വർധനവിൽ പ്രതിഷേധിച്ചാണെന്ന് വാർത്ത പ്രചരിക്കവെയാണ് താരം അത് നിഷേധിച്ച് രംഗത്തെത്തിയത്. ഇടുങ്ങിയ വഴി ആയതിനാലും വാഹനം പാർക്ക് ചെയ്യാനുള്ള അസൗകര്യവുമാണ് സൈക്കിൾ തെരെഞ്ഞെടുത്തതെന്ന് വിജയ് പറഞ്ഞു തനിക്ക് രാഷ്ട്രീയമില്ലെന്നും താരം വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു